മദ്യം വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ബെവ്‌കോ; രേഖകള്‍ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു

തിരുവനന്തപുരം: ഹൈക്കോടതി വിമർശനങ്ങൾക്ക് പിന്നാലെ മദ്യം വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ബെവ്‌കോ. മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബെവ്കോ കര്‍ശനമായി നടപ്പാക്കി തുടങ്ങി. തിരുവനന്തപുരം ജില്ലയിലും പലയിടത്തും രേഖകള്‍ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു.

നിയന്ത്രണങ്ങൾ പാലിക്കാത്ത മദ്യവിൽപ്പനയ്ക്ക് എതിരേ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതെ തുടർന്ന് ഇന്ന് മുതലാണ് സംസ്ഥാനത്തെ മദ്യശാലകളില്‍ രേഖകള്‍ നിര്‍ബന്ധമാക്കിയത്. ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം.

72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.
അതേസമയം കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനു കൊറോണ മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലുണ്ടാകും.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് എടുത്തവര്‍. 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കൊറോണ വന്നു പോയതിന്റെ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ എന്നിങ്ങനെയാണ് മദ്യം വാങ്ങുന്നതിനായി ബെവ്‌കോ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന കൊറോണ മാനദണ്ഡങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നും കടകളില്‍ പോകുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.