രണ്ടാം ലോക്ക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയിലേറെ രൂപ

തിരുവനന്തപുരം: രണ്ടാം ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു.

കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ കണക്കുകൾ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗൺ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക് ലഭ്യമായത്. ആൾക്കൂട്ടങ്ങൾ, ലോക്ക്ഡൗൺ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീൻ ലംഘനം തുടങ്ങി വിവിധ കാരണങ്ങൾക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പൊലീസിനെതിരെ വീണ്ടും പരാതി ഉയരുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴക്കൂട്ടം സ്വദേശി ഷിബുകുമാർ ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ സാമൂഹ്യവിരുദ്ധരെ ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.