തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ എൻ.ടി.സാജനെ കോഴിക്കോടുനിന്നും കൊല്ലത്തേക്കു മാറ്റി. സോഷ്യൽ ഫോറസ്റ്ററിയിലാണ് നിയമനം. 12 ഐഎഫ്എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. വ്യാജ റിപ്പോർട്ട് തയാറാക്കിയ സംഭവത്തിൽ ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ എൻ.ടി.സാജനെ സസ്പെൻഡ് ചെയ്യാനുള്ള വനം മേധാവിയുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കിയിരുന്നു.
അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണം ആവശ്യമാണെന്നും പറഞ്ഞാണു കഴിഞ്ഞമാസം 28ന് ഫയൽ മടക്കിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനുള്ള ഗൗരവം അന്വേഷണ റിപ്പോർട്ടിനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിഗമനം.
ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ അടുപ്പമുള്ളവരുടെ സമ്മർദത്താലാണ് നടപടി വൈകിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു. വയനാട് മണിക്കുന്ന് മലയിലെ മരംമുറി സംബന്ധിച്ച് വ്യാജ റിപ്പോർട്ട് തയാറാക്കി മേപ്പാടി റേഞ്ച് ഓഫിസറെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് എൻ.ടി.സാജനെ സസ്പെൻഡ് ചെയ്യാൻ വനം മേധാവി ശുപാർശ ചെയ്തത്.