പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ അപരൻമാരുടെ തീപാറുന്ന പോരാട്ടം; അപരൻമാരെ കൊണ്ട് തോറ്റെന്ന് ഇളങ്ങുളത്തുകാർ

എലിക്കുളം: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ അപരൻമാരുടെ തീപാറുന്ന പോരാട്ടം. പതിനാലാം വാർഡായ ഇളങ്ങുളത്ത് 11-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അപരസാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു. ആകെ എട്ട്‌ സ്ഥാനാർഥികൾ മത്സരിക്കുന്നു. ഇവരിൽ നാലുപേർ പേരിലെ സാമ്യംകൊണ്ട് വോട്ടുതട്ടാൻ ഇടയുള്ളവർ. എട്ടുസ്ഥാനാർഥികളും 14-ാം വാർഡിന് പുറത്തുനിന്നുള്ളവരാണ്.

യുഡിഎഫ് സ്ഥാനാർഥി ജെയിംസ് ചാക്കോ ജീരകത്തിലിന്റെ സാമ്യമുള്ള പേരുകാരായ ജെയിംസ് ചൂരപ്പൊയ്കയിൽ, ജെയിംസ് ചാക്കോ ഇരുമ്പുകുത്തിയിൽ എന്നിവർ മത്സരിക്കുന്നുണ്ട്. എൽഡിഎഫ്. സ്ഥാനാർഥി തോമസ് വർക്കിയുടെ(ടോമി ഇടയോടിയിൽ) പേരുമായി സാമ്യമുള്ള തോമസ് വടക്കേട്ട്, ടോമി നടുവത്താങ്കൽ എന്നിവരുമുണ്ട്. അപരശല്യമില്ലാത്ത മുന്നണി സ്ഥാനാർഥി എൻഡിഎയിലെ ജയപ്രകാശ് വടകര മാത്രമാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജെയിംസ് ജീരകത്തിൽ 15-ാം വാർഡിൽ സ്ഥാനാർഥിയായിരുന്നു. രണ്ട് അപരന്മാർ ഇവിടെ 27 വോട്ട് നേടിയപ്പോൾ ജെയിംസ് തോറ്റത് അഞ്ചുവോട്ടിന്റെ വ്യത്യാസത്തിൽ. എൻഡിഎ.സ്ഥാനാർഥിയായ ബിജെപിയിലെ ജയപ്രകാശ് വടകര കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടാംവാർഡിൽ മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തിയ ആളാണ്.

കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ജയിച്ചെങ്കിലും കൊറോണ ബാധിതനായി ചികിത്സയിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല. പിന്നീട് കൊറോണ നെഗറ്റീവായെങ്കിലും മറ്റ് അസുഖങ്ങൾകൂടി അദ്ദേഹം മരിച്ചു.

സ്ഥാനാർഥികളും ചിഹ്നവും

ജയപ്രകാശ് വടകര(എൻ.ഡി.എ.-താമര), ജെയിംസ് ചാക്കോ ജീരകത്തിൽ (യു.ഡി.എഫ്.കൈ), ജെയിംസ് ചൂരപ്പൊയ്കയിൽ(സ്വതന്ത്രൻ-മൊബൈൽ ഫോൺ), ജെയിംസ് ചാക്കോ ഇരുമ്പുകുത്തിയിൽ(സ്വതന്ത്രൻ-ക്രിക്കറ്റ് ബാറ്റ്), തോമസ് വർക്കി(ടോമി ഇടയോടിയിൽ)(എൽ.ഡി.എഫ്.-രണ്ടില), തോമസ് വടക്കേട്ട്(സ്വതന്ത്രൻ- ഫുട്‌ബോൾ), ടോമി നടുവത്താങ്കൽ(സ്വതന്ത്രൻ-കുട), ബേബി ആയില്ലുക്കുന്നേൽ(സ്വതന്ത്രൻ-ബൾബ്).