തിരുവനന്തപുരം: അഴിമതിപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കം കാരണമാണ് മുസ്ലിംലീഗിലുണ്ടായ പ്രതിസന്ധി എന്നത് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രസ്താവന പരിഹാസ്യമാണ്. സിപിഎമ്മിനും സർക്കാരിനുമെതിരെ ആക്ഷേപം ഉന്നയിച്ച് തടിതപ്പാന്‍ ശ്രമിച്ചാലൊന്നും ലീഗ് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും വിജയരാഘവന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലീഗിനെതിരെ ഉയരുന്ന വിവാദങ്ങള്‍ സിപിഎം സൃഷ്ടിയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണം എന്നുള്ള നിലയിലാണവര്‍ സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. വളരെ വിചിത്രമാണിത്. ലീഗിന്റെ ന്യായം പറയുന്നവര്‍ക്ക് തന്നെ വിശദീകരിക്കാന്‍ കഴിയാത്തതാണത്.
എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയുള്ളതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാർ. ചന്ദ്രികയിലെ പ്രശ്നം എങ്ങനെ സിപിഎമ്മുമായി ബന്ധപ്പെടും. ലീഗിന് സര്‍ക്കാരിനോടുള്ള വിരോധം അധികാരം കിട്ടാത്തതിന്റെ നിരാശയാണ്. അധികാരമില്ലാത്ത ലീഗില്‍ തര്‍ക്കം എന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഇപ്പോള്‍ നിശബ്ദമായിരിക്കുകയാണ്. ഭാവിയില്‍ കോണ്‍ഗ്രസിലും തര്‍ക്കമുണ്ടാകും. യുഡിഎഫ് രൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക് പോകും. യുഡിഎഫില്‍ രൂപം കൊള്ളാന്‍ പോകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ലീഗില്‍ ഇപ്പോൾ കാണുന്ന തർക്കങ്ങളെന്നും വിജയരാഘവൻ പറഞ്ഞു.