ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കും

മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കും. റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കിയത്.

രാജ്യത്ത് ഡിജിറ്റൽ കറൻസി ഏർപ്പെടുത്തുന്നതിന് വലിയതോതിൽ സാങ്കേതിക വിദ്യ ആവശ്യമാണെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും രബി ശങ്കർ വ്യക്തമാക്കി. കേന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി മാതൃക വൈകാതെ അവതരിപ്പിക്കാനാകും. എന്നാൽ കൃത്യമായ തീയതി പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, രാജ്യത്ത് ഡിജിറ്റൽ കറൻസി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍, മൂല്യ നിര്‍ണയം, സാങ്കേതിക വിദ്യ, വിതരണ സംവിധാനം എന്നിവയില്‍ റിസര്‍വ് ബാങ്ക് നേതൃത്വം വഹിക്കുന്ന ആഭ്യന്തര പരിശോധനകളും ചര്‍ച്ചകളും പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.