ന്യൂഡെല്‍ഹി: സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈക്കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.
സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി ഇതില്‍ തീരുമാനമെടുക്കാമെന്ന് മന്ത്രി വ്യക്താക്കി. ഇത് സംബന്ധിച്ചുള്ള ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.
കേന്ദ്രത്തിന്റെ തീരുമാനം വ്യക്തമായതോടെ സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള സാധ്യത തെളിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടം ഘട്ടമായി സ്കൂള്‍ തുറക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയും നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഓണ്‍ലൈന്‍ പഠനംമൂലം കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും മന്ത്രി സഭയില്‍ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊറോണ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ ആകാംഷയോടെയാണ് പൊതുസമൂഹം കാണുന്നത്.
മൂന്നാംതരംഗ ഭീഷണി മുന്നിൽ നിൽക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നാൽ രോഗവ്യാപനം രൂക്ഷമാകാനിടയുണ്ടെന്ന് വിദഗ്ധർക്ക് അഭിപ്രായമുണ്ട്. കുട്ടികളുടെ വാക്സിൻ ഇനിയും ഉപയോഗക്ഷമമായിട്ടില്ലെന്നതും മറ്റൊരു വെല്ലുവിളിയാണ്. ഇതിനിടയിലാണ് സ്കൂൾ തുറക്കുന്നത് ആലോചിക്കുന്നത്.
ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡെല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.കര്‍ണാടകയില്‍ ഓഗസ്റ്റ് 23 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.