റേഷൻ തിരിമറികൾ തടയാൻ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാനുള്ള പദ്ധതിയിലും തിരിമറി

തിരുവനന്തപുരം: റേഷൻ തിരിമറികൾ തടയാൻ റേഷൻസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാനുള്ള പദ്ധതിയിൽ തിരിമറി. സർക്കാർ നിർദേശപ്രകാരം ഭൂരിഭാഗം കരാറുകാരും വാഹനങ്ങളിൽ ജിപിഎസ്. ഘടിപ്പിച്ചെങ്കിലും മോട്ടോർവാഹനവകുപ്പിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച സ്ലിപ്പ്‌നമ്പർ നൽകിയിട്ടില്ല.

വാഹനങ്ങൾ നിരീക്ഷിച്ച് റേഷൻ തിരിമറികൾ പിടികൂടാനാകാത്ത അവസ്ഥയിലാണു പൊതുവിതരണവകുപ്പ്. ജിപിഎസ് പിടിപ്പിച്ച് ആർടിഒയിൽ രജിസ്റ്റർചെയ്ത സ്ലിപ്പ്‌നമ്പർ കിട്ടിയാൽ വാഹനങ്ങൾ, നിർദേശിച്ച വഴിയിലൂടെയാണോ പോകുന്നതെന്നു പൊതുവിതരണവകുപ്പിന്‌ അറിയാൻകഴിയും. എഫ്.സി.ഐ. ഗോഡൗണിൽനിന്ന് സപ്ലൈകോ എൻ.എഫ്.എസ്.എ. ഗോഡൗൺ, അവിടെനിന്നു റേഷൻകടകൾ എന്നിവിടങ്ങളിലേക്കു ഭക്ഷ്യധാന്യമെത്തിക്കുന്ന ലോറികൾക്കാണു ജിപിഎസ് വേണ്ടത്.

വാഹനങ്ങൾ സഞ്ചരിക്കേണ്ട പാത നേരത്തേ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഇതിൽനിന്നു വഴിമാറിപ്പോകുന്നവരെ കുടുക്കാനാണു ജിപിഎസ്. ഒട്ടുമിക്ക കരാറുകാരും ജിപിഎസ് ഐ.എം.ഇ.ഐ.നമ്പർ ഡിപ്പോ, മേഖലാ മാനേജർമാർക്കു നൽകിയിരുന്നു.

എന്നാൽ, ഇതുകൊണ്ടുമാത്രം തിരിമറി കണ്ടെത്താനാവില്ല. അതിനാൽ അടിയന്തരമായി കരാറുകാരിൽനിന്ന് ആർടിഒയിൽ രജിസ്റ്റർചെയ്ത സ്ലിപ്പ്‌നമ്പർ ലഭ്യമാക്കണമെന്ന് സപ്ലൈകോ ഡിപ്പോ, മേഖലാ മാനേജർമാർക്ക് റേഷൻ വിതരണച്ചുമതലയുള്ള ഉന്നതോദ്യോഗസ്ഥ നിർദേശം നൽകി.