നേരിട്ട് ഉള്ളിൽച്ചെന്നാൽ മരണ കാരണമാകും; സപ്ലൈകോ ഗോഡൗണുകളിൽ അലുമിനിയം ഫോസ്‌ഫൈഡ് ചേർത്തു അരി ശുദ്ധീകരിച്ചെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്

കൊട്ടാരക്കര : സപ്ലൈകോ ഗോഡൗണുകളിൽ അലുമിനിയം ഫോസ്‌ഫൈഡ് ചേർത്ത് അരി ശുദ്ധീകരിച്ചെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. നേരിട്ട് ഉള്ളിൽച്ചെന്നാൽ മരണത്തിനുവരെ കാരണമാകുന്ന രാസവസ്തുവാണ് അലുമിനിയം ഫോസ്‌ഫൈഡ്‌. എലിവിഷമടക്കം നിർമ്മിക്കുന്ന രാസവസ്തുവാണിത്. സിങ്ക് ഫോസ്‌ഫൈഡ്, അലുമിനിയം ഫോസ്‌ഫൈഡ് തുടങ്ങിയ ഫോസ്‌ഫറസ് സംയുക്‌തങ്ങളാണ് പ്രധാനമായും എലിവിഷമായി ഉപയോഗിക്കുന്നത്.

സംഭവം വിവാദമായതോടെ സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തേടിയിട്ടുണ്ട്. അലുമിനിയം ഫോസ്‌ഫൈഡ്‌ ഗുളികകൾ ഉപയോഗിച്ച രീതിയും സൂക്ഷിച്ച രീതിയും ശരിയാണോ എന്ന കാര്യത്തിൽ വ്യത്യസ്താഭിപ്രായമുയരുന്നു. രണ്ടോ മൂന്നോ ഗുളികകൾ പേപ്പറിൽ പൊതിഞ്ഞ് വായുസഞ്ചാരമില്ലാത്തവിധം പഴുതടച്ച് ഗോഡൗണിൽ സൂക്ഷിച്ചശേഷം അടുത്ത ദിവസം ഗോഡൗൺ തുറന്ന് ശുദ്ധവായു മണിക്കൂറുകളോളം കടത്തിവിട്ട്‌ കീടശല്യം തടയാനാണ് നിർദേശമുള്ളത്.

എലി, പാറ്റ, ചെള്ളുകൾ, പുഴുക്കൾ മുതലായവ മാത്രമല്ല പാമ്പുകൾവരെ ഗോഡൗണിലുണ്ടെങ്കിൽ ചത്തുപോകും. എന്നാൽ വായുസഞ്ചാരമുണ്ടാകുന്നതോടെ രാസവസ്തുവിന്റെ സാന്നിധ്യം ഇല്ലാതാകും. എങ്കിലും അരിയിൽ രാസവസ്തു ഇല്ലാതാകുമോ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതാണ്.

അലുമിനിയം ഫോസ്‌ഫൈഡ്
ശരീരത്തിനുള്ളിലെത്തിയാൽ കരളിനെയായിരിക്കും ആദ്യം ബാധിക്കുക. കൂടാതെ ശരീരത്തിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ കെയുടെ അളവും താഴും. ഈ സാഹചര്യത്തിൽ ആന്തരിക രക്ത സ്രാവം ഉണ്ടാകുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും. മരണം സംഭവിച്ചില്ലെങ്കിലും പിന്നീടുള്ള ജീവിതം നരകതുല്യമായിരിക്കും. മരുന്നുകൾ കൊണ്ട് ഫലം കുറവ്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് പിന്നെ ചെയ്യാനുള്ളത്.

സംഭവത്തിൽ സപ്ലൈകോ മാനേജിങ് ഡയറക്ടർക്കും റീജണൽ മാനേജർക്കും ഡിപ്പോ മാനേജർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഉന്നത സപ്ലൈകോ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. അരിവൃത്തിയാക്കലിൽ പിഴവുകളുണ്ടായിട്ടില്ലെന്ന വിശദീകരണമാണ് താലൂക്ക് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.

കീടനാശിനി കലർത്തിയ വിവാദത്തിൽ പരിശോധനാഫലംകാത്തിരിക്കുകയാണ് പോലീസും സമരക്കാരും. അരിയിൽ രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയാൽ ഉദ്യോഗസ്ഥർ വെട്ടിലാകും. രണ്ടായിരം ചാക്ക് അരി ഉപേക്ഷിക്കേണ്ടിയുംവരും. അസ്വാഭാവികമായി ഒന്നും ഉണ്ടായിട്ടില്ലെന്നും എഫ്സിഐ ഗോഡൗണുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്നതും അംഗീകൃതവുമായ രാസവസ്തുവാണ് ഉപയോഗിച്ചതെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ.

കൊട്ടാരക്കരയിലെ ഗോഡൗണിൽ രാസവസ്തു നേരിട്ട് അരിയിൽ കലർത്തിയെന്നാണ് സമരക്കാരുടെ ആരോപണം. സമരക്കാരാണ് ഗുളികകൾ അരിയിൽ തട്ടിയിട്ടതെന്ന്‌ ഡിപ്പോ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. സമരക്കാർക്കു കിട്ടത്തക്കവിധം അലക്ഷ്യമായാണ് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന കാര്യത്തിൽ തർക്കമില്ല. ഉപയോഗത്തിനുശേഷം ശരിയായി അടച്ച് സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പ്രത്യേക നിർദേശമുള്ളതാണ്.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ മന്ത്രി മന്ദിരത്തിലേക്ക്‌ മാർച്ച് നടത്തി ബിജെപി സമരം ശക്തിപ്പെടുത്തി. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധനയിൽ അരി ഭക്ഷ്യയോഗ്യമെന്നു കണ്ടാൽ സമരം നനഞ്ഞ പടക്കമാകും. മറിച്ചായാൽ സംസ്ഥാനം മൊത്തം വ്യാപിപ്പിക്കാവുന്ന സമരത്തിന്റെ തിരികൊളുത്തലുമാകും.