കൊറോണ പ്രോട്ടോകോളും പിഴയും; മാസ്ക് ധരിക്കാത്തവരിൽ നിന്നും അഞ്ചുദിവസം കൊണ്ടു മാത്രം ഈടാക്കിയത് നാലു കോടിയിലേറെ

തിരുവനന്തപുരം: കൊറോണ പ്രോട്ടോകോൾ പ്രകാരം നിയന്ത്രണങ്ങളും നിയമങ്ങളും രോഗപകർച്ച തടയാൻ ഏറെ ഫലപ്രദമാകുന്നില്ലെങ്കില്ലെന്ന ആക്ഷേപം ഉയരുമ്പോൾ സർക്കാരിത് വരുമാന മാർഗമാക്കി കഴിഞ്ഞു. കേരളം ഇപ്പോൾ പിഴകൾക്ക്‌ വേണ്ടി മാത്രം നിയമങ്ങൾ രൂപീകരിച്ച സംസ്ഥാനം ആയിട്ടുണ്ടെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പിഴകളിൽ ലഭിക്കുന്ന വരുമാനം.

ഇപ്പോൾത്തന്നെ മാസ്ക് ധരിക്കാത്തവരിൽ നിന്നും 5 ദിവസം കൊണ്ടു മാത്രം ഈടാക്കിയ പിഴ 4 കോടിയിലേറെ രൂപയാണ്. ഓരോ ദിവസവും ശരാശരി 15,000–20,000 പേരിൽ നിന്നാണു മാസ്ക് ധരിക്കാത്തതിനു പിഴ ഈടാക്കിക്കൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് 1 മുതൽ 5 വരെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 93,750 പേരിൽ നിന്ന് പിഴ ഈടാക്കിയെന്നാണ് പൊലീസിന്റെ കണക്ക്. മാസ്ക് ധരിക്കാത്തവരിൽ നിന്നും അകലം പാലിക്കാത്തവരിൽ നിന്നും 500 രൂപ വീതമാണ് ഈടാക്കുന്നത്.

ജനുവരി മുതൽ ജൂൺ വരെ കേരളത്തിൽ നിന്ന് 35.17 കോടി രൂപ പിഴ ഇനത്തിൽ ഈടാക്കിയിരുന്നു. ഓരോ ദിവസവും അടയ്ക്കുന്ന പിഴത്തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റി ജില്ലാ പൊലീസ് മേധാവിമാർ പരിശോധിച്ച ശേഷം ട്രഷറിയിലേക്കു മാറ്റുകയാണു ചെയ്യുന്നത്.