ജീവനക്കാരനെ കബളിപ്പിച്ച്‌ പോത്തന്‍കോട് പട്ടാപകൽ ടെക്സ്റ്റയിൽസില്‍ മോഷണം

തിരുവനന്തപുരം: പോത്തന്‍കോട് ടെക്സ്റ്റയിൽസില്‍ മോഷണം. ബൈക്കിലെത്തിയ രണ്ടുപേർ ജീവനക്കാരനെ കബളിപ്പിച്ച്‌ മോഷണം നടത്തി കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലെ കടയില്‍ മോഷണം നടന്നത്.

ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ ജീവനക്കാരനെ കബളിപ്പിച്ച്‌ ഷര്‍ട്ടുകളും, വാച്ചുകളും, കണ്ണടകളും കവര്‍ന്നു. രാത്രി സ്റ്റോക്ക് പരിശോധനയ്ക്കിടെയാണ് മോഷണം മനസ്സിലായത്. സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളുടെ ദൃശ്യം കിട്ടിയിട്ടുണ്ട്.

കടയിലേക്ക് കയറുമ്പോള്‍ തന്നെ വാച്ചുകള്‍ മോഷ്ടിക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. ഷര്‍ട്ടുകള്‍ നോക്കാന്‍ ഒരാള്‍ നില്‍ക്കുമ്പോള്‍ രണ്ടാമനാണ് മോഷണം നടത്തുന്നത്. സിസിടിവിയില്‍ മോഷ്ടാക്കളില്‍ ഒരാളുടെ മുഖം വ്യക്തമായിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.