കോളജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കോളജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശിയായ ആതിര (22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.

കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ജീവനൊടുക്കിയത്. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്.

അടച്ചിട്ട കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനിയാണ് ആതിര. മരണത്തിന് മുൻപ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു.