കശുവണ്ടിപ്പരിപ്പ് ലഭിക്കാനില്ല! ; ഓണക്കിറ്റിൽ പുളിയോ കായമോ ഉൾപ്പെടുത്താൻ നിർദേശം

തിരുവനന്തപുരം: കശുവണ്ടിപ്പരിപ്പ് ലഭിക്കാതെ വന്നതോടെ ഓണക്കിറ്റിൽ പുളിയോ കായമോ ഉൾപ്പെടുത്താൻ നിർദേശം. കിറ്റിൽ 50 ​ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്റെ ദൗർലഭ്യം മൂലം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് സപ്ലൈകോ മാനേജിങ് ഡയറക്ടർ മേഖലാ ഡിപ്പോ മാനേജർമാർക്കു നിർദേശം നൽകി. കശുവണ്ടിപ്പരിപ്പ് ലഭിക്കാത്തതുമൂലം കിറ്റ് റേഷൻ കടകളിൽ എത്തിക്കാനാകാത്ത സ്ഥിതി വന്നതിനെതുടർന്നാണ് പുതിയ തീരുമാനം.

നേരത്തെ ശർക്കരവരട്ടിയും ഉപ്പേരിയും ടെൻഡറെടുത്ത സ്ഥാപനങ്ങൾ സമയത്തിനു നൽകാതിരുന്നാൽ കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളും വഴി ഇവ വാങ്ങാൻ അനുമതി നൽകി. ഇന്നലെ വരെ സംസ്ഥാനത്തെ 4.27 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയത്. ഈ മാസം 17ന് മുമ്പായി കിറ്റ് വിതരണം പൂർത്തിയാക്കും.