തിരുവനന്തപുരം: കേരള സർവകലാ ശാലയുടെയും സംസ്കൃത സർവകലാ ശാലയുടെയും പിജി പ്രവേശന പരീക്ഷകൾ ഒരേ ദിവസം നടത്തുന്നതിൽ വിദ്യാർത്ഥികൾ അങ്കലാപ്പിൽ. നാളെയാണ് ഇരു സർവ്വകലാശാലകളും പി ജി പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
കേരള സർവകലാശാലയിലേതിന് സമാന പിജി വിഷയങ്ങൾ സംസ്കൃത സർവകലാശാലയിലുമുള്ളത്കൊണ്ട് രണ്ടിടത്തും അപേക്ഷ നൽകിയിട്ടുള്ള കുട്ടികൾക്ക് ഒരിടത്ത് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെടും.
ഓഗസ്റ്റ് ഒന്നിന് നിശ്ചയി ച്ചിരുന്ന കേരള സർവകലാശാലയുടെ പ്രവേശന പരീക്ഷയാണ് ലോക്ക്ഡൗൺ കാരണം നാളത്തേക്ക് മാറ്റിയത്. സംസ്ഥാനത്തെ സർവകലാശാലകൾ പ്രവേശന പരീക്ഷകളുടെ ഷെഡ്യൂൾ പരസ്പരം പരിശോധിക്കാതെ പ്രവേശന പരീക്ഷകൾ നടത്തുന്നതാണ് വിദ്യാർഥികൾക്ക് പിജി പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്.
വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നും പ്രവേശന പരീക്ഷകളുടെ സുതാര്യതയ്ക്ക് അടുത്ത അക്കാദമിക് വർഷം മുതൽ സംസ്ഥാനത്തെ അഫിലിയേറ്റിംഗ് സർവകലാശാലകളിലെ പിജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്താൻ നടപടി കൈ ക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.