ഇനി കാറ്റത്തു മരം വീണ് നാശനഷ്ടമുണ്ടായാൽ അറിയിക്കാൻ മൊബൈൽ ആപ്പുമായി റവന്യൂ വകുപ്പ്

തിരുവനന്തപുരം: ഇനി കാറ്റത്തു മരം വീണ് നാശനഷ്ടമുണ്ടായാൽ അറിയിക്കാൻ മൊബൈൽ ആപ്പുമായി റവന്യൂ വകുപ്പ്. കാറ്റത്ത് വീടിനു മുകളിൽ വീണാലും നാശം സംഭവിച്ചാലും വീട്ടുടമയ്ക്കു തന്നെ ചിത്രമെടുത്ത് റവന്യുവകുപ്പിന്റെ മൊബൈൽ ആപ്പിൽ ഇടാം. ഇതു വില്ലേജ് ഓഫിസർ മുതൽ റവന്യു മന്ത്രി വരെ കാണും.

ചിത്രം അപ്‌ലോഡ് ചെയ്താൽ വില്ലേജ് ഓഫിസർ സ്ഥല പരിശോധന നടത്തി മൊബൈൽ ആപ്പിൽ തന്നെ നഷ്ടം രേഖപ്പെടുത്തണം. തഹസിൽദാർക്ക് ഇതു പിന്നെ പരിശോധിക്കും. നടപടികൾ മന്ത്രിക്കു നേരിട്ട് ആപ്പ് വഴി പരിശോധിക്കാനാകും. ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

നഷ്ടം സംഭവിച്ച ചിത്രം സഹിതം തഹസിൽദാർക്ക് അപേക്ഷ നൽകുകയും പിന്നീട് എന്നെങ്കിലും വില്ലേജ് ഓഫിസർ പരിശോധിക്കാൻ വരികയുമാണ് ഇപ്പോഴത്തെ രീതി. പുതിയ മൊബൈൽ ആപ്പ് വരുന്നതോടെ നഷ്ടപരിഹാരത്തുക നൽകാനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.