കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ വീഴ്ചകൾ; കേന്ദ്രത്തിന് കടുത്ത അതൃപ്തി ; മുഖ്യമന്ത്രിയുമായി സംസാരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: മാസങ്ങളോളം നീണ്ട ലോക്ഡൗണ്‍നിയന്ത്രണങ്ങള്‍ക്ക് ശേഷവും കേരളത്തില്‍ കൊറോണ കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് കടുത്ത അതൃപതിയെന്ന് റിപ്പോര്‍ട്ട്. കൊറോണ കേസുകളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. കേരളത്തിലെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ക്കെതിരെയും വിമര്‍ശനമുയരുകയാണ്.

വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പിനു പിന്നാലെ സര്‍ക്കാര്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടും സംസ്ഥാനത്തിന് എതിരാണെന്നാണ് സൂചന.

സംസ്ഥാനത്തെത്തിയ ആറംഗ കേന്ദ്രസംഘം ഇന്നലെ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഇത് പ്രകാരം സംസ്ഥാനം കൊറോണ കൈകാര്യം ചെയ്യുന്ന രീതി തെറ്റാണെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തിലെ കൊറോണ പ്രതിരോധം പരാജയമാണെന്നാണ് കേന്ദ്രസംഘം പറയുന്നത്. ആവശ്യത്തിന് പരിശോധനാ, ചികിത്സാ സംവിധാനങ്ങളില്ല. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ചയുണ്ട്. സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നിങ്ങിനേയും കേന്ദ്ര സംഘം വിലയിരുത്തിയാതായാണ് റിപ്പോര്‍ട്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാനത്തെ കൊറോണ സാഹചര്യം ചര്‍ച്ച ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. രോഗനിയന്ത്രണത്തിനായി കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ പീഡിയാട്രിക് ഐസിയുകള്‍ ഉള്‍പ്പെടെ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

മൂന്നാം തരംഗത്തിനു മുന്നോടിയായി രാജ്യത്ത് പലയിടത്തും കൊറോണ കേസുകള്‍ വര്‍ധിക്കുന്നതിനിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. ഉത്സവകാലം അടുക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഇളവുകള്‍ അനുവദിക്കരുതെന്നുമാണ് നിര്‍ദേശം.

ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ലോക്ക് ഡൗണ്‍ ഇളവു നല്‍കാനും ശനിയാഴ്ചത്തെ അധിക നിയന്ത്രണങ്ങള്‍ എടുത്തുനീക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ പുതിയ നയം അനുസരിച്ച് ആഴ്ചയില്‍ ആറു ദിവസവും കടകള്‍ തുറക്കാം. എന്നാല്‍ ഇത്തരം ഇളവുകള്‍ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.