തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നുള്ള മോഷണസംഘം കേരളത്തില്‍ എത്തിയെന്ന് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണം സജീവമാണ്. 75 പേരടങ്ങുന്ന കുറവാ സംഘം (ആയുധധാരികളായ മോഷ്ടാക്കള്‍) കേരളത്തില്‍ കടന്നെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് അറിയിച്ചതായാണ് ഫേസ്ബുക്ക് സന്ദേശത്തില്‍ പ്രചരിക്കുന്നത്. ചില മുന്‍നിര മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലുമായി.
’75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ എത്തുന്നവരെ സൂക്ഷിക്കുക.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പോലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. ‘
ഇത്തരമൊരു മോഷണസംഘം കേരള അതിര്‍ത്തിയിലേക്ക് എത്തിയതായി പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
സായുധരായ മോഷണസംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി സജീവമായ പ്രചാരണമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ഈ പ്രചാരണം ചില മാധ്യമങ്ങള്‍ കൂടെ ഏറ്റെടുത്തതോടെ ഇത് വൈറലായി. ഇത്തരം മെസേജുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത് ജനങ്ങള്‍ ഏറെ പരിഭ്രാന്തരാണെന്നാണ്.
സോഷ്യല്‍ മീഡിയ പ്രചാരണം ഇങ്ങനെയാണ്
‘ 75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പോലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.
അതിര്‍ത്തികളില്‍ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക.
നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്നും പോലീസ് പറയുന്നു. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ . ആണ് ഇവര്‍ തമ്പടിക്കുക. ‘
എന്നാല്‍ ഇത്തരത്തിലൊരു മുന്‍കരുതല്‍ നിര്‍ദ്ദേശമോ മുന്നറിയിപ്പോ കേരള പൊലീസ് നല്‍കിയിട്ടില്ലെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ് കുമാര്‍ പറഞ്ഞുഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത്തരത്തിലൊരു സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പാലക്കാട്, വാളയാറില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയുള്ള മധുക്കരയില്‍ ഇത്തരത്തിലൊരു മോഷണം നടന്നിരുന്നു. എന്നാല്‍ ഈ സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല. ഇത്തരമൊരു മുന്നറിയിപ്പ് കേരള പൊലീസ് നല്‍കിയിട്ടുമില്ല. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ‘ പ്രമോദ് കുമാര്‍ പറഞ്ഞു.
സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ചില മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം കേരള അതിര്‍ത്തിയില്‍ മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. തിമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തിലും എത്തിയേക്കുമെന്ന സൂചനയാണ് വാര്‍ത്തയില്‍ പറയുന്നത്.
മറ്റു ചില പ്രമുഖ ഓണ്‍ലൈനുകളും സമാനമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ കവര്‍ച്ചാ വിവരം ശരിയാണെങ്കിലും ഈ സംഘം കേരളത്തിലേക്ക് കടന്നതായി ഇതുവരെ സ്ഥിരീകരണങ്ങളൊന്നുമില്ല. ഇത്തരം കവര്‍ച്ച തമിഴ്നാട്ടില്‍ മുന്‍പും നടന്നിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളിലൊന്നും ഇതേ മോഷണ സംഘങ്ങള്‍ കേരളത്തിലേക്ക് കടന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ വിശ്വാസ്യതയില്ലാത്ത വിവരങ്ങള്‍ കണ്ട് ജനനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നാണ് പൊലീസ് നല്കുന്ന സന്ദേശം.