പ്രചാരണത്തിന് രാവിലെ പത്തരയ്ക്ക് ശേഷമാണ് ധര്‍മ്മജന്‍ എത്തിയിരുന്നത്; വൈകുന്നേരം ആറാകുമ്പോൾ ഏങ്ങോട്ടോ പോകും; തുറന്നടിച്ച് ഗിരീഷ് മൊടക്കല്ലൂര്‍

കോഴിക്കോട് : ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന് പ്രചാരണത്തില്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും കൃത്യസമയത്ത് വരാതെ അലംഭാവം നിറഞ്ഞ മനോഭാവമായിരുന്നു കാണിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്ന ഗിരീഷ് മൊടക്കല്ലൂര്‍. ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് തോറ്റയാളാണ് നടൻ ധർമജൻ. തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ജീവമായതാണ് തോല്‍വിയ്ക്ക് കാരണമെന്ന് ധർമജൻ ആരോപിച്ചിരുന്നു.

ധർമജന്റെ ആരോപണത്തിന് മറുപടിയുമായാണ് ഗിരീഷ് മൊടക്കല്ലൂര്‍ രംഗത്ത് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനായി കെപിസിസി നിയോഗിച്ച കെ മോഹന്‍കുമാര്‍ സമിതിയോട് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്ന ഗിരീഷ് മൊടക്കല്ലൂരിന്റെ വിശദീകരണം.

കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായി സമിതി അംഗങ്ങള്‍ കോഴിക്കോടെത്തിയപ്പോഴായിരുന്നു ഗിരീഷിന്റെ വെളിപ്പെടുത്തല്‍. ‘പ്രചാരണ സമയത്ത് രാവിലെ പത്തരയ്ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ എത്തിയിരുന്നത്. വൈകുന്നേരം ആറുമണിയാകുമ്പോള്‍ ഏങ്ങോട്ടോ പോകും.

ആദ്യ ഘട്ട പ്രചാരണം സുഗമമായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അങ്ങനെ ആയിരുന്നില്ല. ധര്‍മ്മജന് ഒന്നിനും താൽപ്പര്യം ഉണ്ടായിരുന്നില്ല. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയായിരുന്നു പിന്നീട് ഉണ്ടായത്.

പ്രചാരണ കമ്മിറ്റിക്ക് 80,000 രൂപ മാത്രമാണ് പിരിവായി ലഭിച്ചത്. വന്‍തുക കിട്ടിയെന്ന പ്രചരണം ശരിയല്ല’, നേതാക്കൾ പറയുന്നു. പ്രധാന നേതാക്കള്‍ പ്രചാരണത്തിന് എത്താത്തത് ആണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന താരത്തിന്റെ വാക്കുകൾക്കും ഇവർ മറുപടി നൽകുന്നുണ്ട്.

നടന്റെ ആരോപണം തെറ്റാണെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ പ്രചാരണത്തിനെത്തിയെന്നും നേതാക്കള്‍ സമിതിയെ അറിയിച്ചു. അതേസമയം സംസ്ഥാനത്തിന് പുറത്തായതിനാല്‍ ചര്‍ച്ചയ്ക്കായി സമിതിയ്ക്ക് മുമ്പാകെ ധര്‍മ്മജന്‍ എത്തിയിരുന്നില്ല.