ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടി പിടിയിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും വീണ്ടും അറസ്റ്റില്‍

കോഴിക്കോട്: ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും വീണ്ടും അറസ്റ്റില്‍. വിപിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത് രണ്ട് കാറുകള്‍ വാങ്ങി മറിച്ച് വിറ്റ പരാതിയിലാണ് ഇപ്പോള്‍ ഇരുവരും പിടിയിലായിരിക്കുന്നത്.

തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശമ്പള സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വ്യാജരേഖകള്‍ നല്‍കി ശ്യാമളയാണ് ജാമ്യം നിന്നത്. 2019ല്‍ മറ്റ് ബാങ്കുകള്‍ പരാതി നല്‍കിയെങ്കിലും വായ്പയുടെ അടവ് മുടങ്ങിയപ്പോള്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാങ്ക് പരാതി നല്‍കിയത്.

ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ കാര്‍ത്തിക്ക് വേണുഗോപാല്‍ എന്ന പേരില്‍ കോഴിക്കോട് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. അങ്കമാലിയില്‍ നിന്ന് വിപിന്‍ കാര്‍ത്തിക്ക് വരുന്നുവെന്നറിഞ്ഞ് പോലീസ് വാഹന പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഇതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ശ്യാമളയെ അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ വിറ്റ രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

2019ല്‍ വിപിനും ശ്യാമളയും ഗുരുവായൂരില്‍ വാടകയ്‌ക്ക് താമസിച്ചിരുന്നു. ഇവിടെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശിയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് ഇവര്‍ നേരത്തെ അറസ്റ്റിലായത്. ഇതിന് പുറമെ നിരവധി ബാങ്കുകളിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.