സമാന്തര എക്സ്ചേഞ്ചിന് ഉപയോഗിച്ച അയ്യായിരത്തിലേറെ സിം കാർഡുകൾ ബിഎസ്എൻഎൽ ബ്ലോക്ക് ചെയ്തു

തൃശ്ശൂർ: കേരളത്തിൽ സമാന്തര എക്സ്ചേഞ്ചിനായി ഉപയോഗിക്കുന്നെന്ന് കണ്ടതിനെത്തുടർന്ന് ആറു മാസത്തിനിടെ ബിഎസ്എൻഎൽ ബ്ലോക്ക് ചെയ്തത് അയ്യായിരത്തോളം സിം കാർഡുകൾ. മറ്റു ടെലികോം കമ്പനികളും കാർഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും എണ്ണം ലഭ്യമായിട്ടില്ല. ഒഡിഷ, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നാണ് സിം കാർഡുകൾ കൂട്ടത്തോടെ കൈവശപ്പെടുത്തിയിരിക്കുന്നത്.

സമാന്തര എക്സ്ചേഞ്ചുകളുണ്ടാക്കി ടെലികോം കമ്പനികളെ കബളിപ്പിക്കുന്ന രീതി മുമ്പേ ഉണ്ടായിരുന്നെങ്കിലും ഇക്കൊല്ലം ജനുവരിയിലാണ് കൂടുന്നതായി ശ്രദ്ധയിൽപെട്ടത്. ഇതോടെ തട്ടിപ്പുകണ്ടെത്താനുള്ള ഫ്രോഡ് മാനേജ്മെന്റ് സിസ്റ്റം (എഫ്എംഎസ്.) ജാഗ്രതയിലാക്കാൻ ബിഎസ്എൻഎൽ കേരള സർക്കിൾ തീരുമാനിച്ചു.

മൂന്നു മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു. 1) സാധാരണയിൽ കവിഞ്ഞ ഔട്ട് ഗോയിങ് കോളുകൾ ഉള്ള നമ്പറുകൾ. 2) ഇൻകമിങ് കോളുകൾ തീരെ ഇല്ലാത്ത നമ്പറുകൾ. 3)ഇരുപത്തിരണ്ടു മണിക്കൂർ വരെ ഔട്ട് ഗോയിങ് കോളുകൾ പോവുന്ന നമ്പറുകൾ.

ഫെബ്രുവരി മുതൽ തന്നെ ഇത്തരത്തിലുള്ള നമ്പരുകൾ കണ്ടെത്തി. നൂറുകണക്കിന് നമ്പരുകൾ കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇത്തരത്തിലുണ്ടെന്നതിന്റെ തെളിവ് ലഭിക്കുന്നത് ഇങ്ങനെയാണ്. 2020-ൽ കടവന്ത്ര കേന്ദ്രീകരിച്ച് സമാന്തര എക്സ്ചേഞ്ച് പിടികൂടിയതാണ് ഇത്തരത്തിലുള്ള ആദ്യത്തെ റെയ്ഡ്. പിന്നീട് കഴിഞ്ഞമാസം കോഴിക്കോടും കഴിഞ്ഞയാഴ്ച കൊരട്ടിയിലും റെയ്ഡ് നടന്നു.

ബിഎസ്എൻഎൽ ബ്ലോക്കുചെയ്ത ശേഷം ചിലർ ഈ രംഗത്തുനിന്ന് പിൻമാറി. എന്നാൽ, പിൻമാറാതെ മറ്റു വഴികളിലൂടെ തട്ടിപ്പ് തുടരാൻ തീരുമാനിച്ചവരാണ് പിടിയിലായിക്കൊണ്ടിരിക്കുന്നത്.

സിംകാർഡ് ബ്ലോക്ക്ചെയ്തതിനൊപ്പം സിം ഉപയോഗിക്കുന്ന സംവിധാനത്തിന്റെ (സിം ബോക്സ്) ഐ.എം.ഇ.ഐ. നമ്പരും ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ, ഐഎംഇഐ നമ്പർ മറച്ച് വച്ചായിരുന്നു(മാസ്ക് ചെയ്ത്) തട്ടിപ്പുകാർ അതിനെ മറികടന്നത്.