കേരളത്തിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പാകിസ്താൻ ചാര സംഘടനയുമായി ബന്ധം

തൃശൂർ: കേരളത്തിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പാകിസ്താൻ ചാര സംഘടനയുമായി ബന്ധമെന്ന് സൂചന. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂരിലും കോഴിക്കോടും എക്‌സ്‌ചേഞ്ച് പിടികൂടിയത്. സംഭവത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

സൈനിക കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ചോർത്താൻ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചുവെന്നാണ് പ്രാഥമിക വിവരം. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐബി) യാണ് വിവരങ്ങൾ പോലീസിന് കൈമാറിയത്. ഉപകരണങ്ങൾ നൽകിയത് ഐഎസ്‌ഐ എന്നും ഐബി സൂചന നൽകുന്നുണ്ട്. ഉത്തർപ്രദേശിൽ കണ്ടെത്തിയ എക്‌സ്‌ചേഞ്ചിലെ അതേ ഉപകരണങ്ങളാണ് ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്തത്.

ഇബ്രാഹിമിന് ഐഎസ്ഐ സംഘടനയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിനു പിന്നിലുള്ളത് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വലിയ സംഘമാണ്. ആ സംഘത്തിലെ കണ്ണികളാണ് കോഴിക്കോട്ടെ കേസിൽ അറസ്റ്റിലായ ഇബ്രാഹിമും കൊച്ചി കേസിലെ പ്രതി സലീമും. ഇവർ അടുത്ത സുഹൃത്തുകളാണ്.

ഹവാല ഇടപാടുകൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ എക്‌സ്‌ചേഞ്ചുകൾ ഉപയോഗിച്ചു. ഇതുവഴി വലിയ സാമ്പത്തിക നേട്ടം പ്രതികൾ ഉണ്ടാക്കി. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ എക്‌സ്‌ചേഞ്ചുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതും സഹായം നൽകിയതും ഇബ്രാഹിമാണ്.