‘മെലാനോഫിഡിയം ഖായിർ ‘ ; മൂന്നാറിൽ അപൂർവ്വയിനം മഴവിൽപാമ്പിനെ ക്യാമറയിലാക്കി

കൊച്ചി: മഴവില്ലിൻ്റെ സൗന്ദര്യമുള്ള പാമ്പ്. മണ്ണിനടിയിൽ കഴിയുകയും രാത്രികാലങ്ങളിൽമാത്രം പുറത്തുവരികയും ചെയ്യുന്ന ഈ പാമ്പിന്റെ ചിത്രം അപൂർവമായേ ലഭിക്കാറുള്ളു. മൂന്നാർ ടൗണിനോടുചേർന്ന പാറക്കൂട്ടങ്ങളിൽനിന്ന്‌ അപൂർവമായ ആ അഴകിന്റെ പടം ക്യാമറയിൽ പതിഞ്ഞു. തൃശ്ശൂർ സ്വദേശി മൃദുലാ മുരളിയാണ് മഴവിൽപാമ്പിനെ ക്യാമറയിലാക്കിയത്.

മെലാനോഫിഡിയം (Melanophidium) വർഗത്തിൽപ്പെട്ട ഇവ ഷീൽഡ് ടെയിൽ സ്‌നേക്ക്‌സ് എന്ന പൊതുവിഭാഗത്തിലും ഉൾപ്പെടുന്നു. വാലിന്റെ അറ്റത്ത് കവചംപോലെയുള്ള ആകൃതിയാണ്. വിഷമില്ലാത്ത ഈ ജാതിയിലെ നാലിനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. മൂന്നാറിൽമാത്രം കാണപ്പെടുന്ന തവളകളുടെ ചിത്രങ്ങളെടുക്കുന്നതിനിടെയാണ് മൃദുലയും ഭർത്താവ് മുരളിയുമടങ്ങുന്ന സംഘത്തിന് മഴവിൽപാമ്പിന്റെ ചിത്രം ലഭിച്ചത്.

ഈ പാമ്പുകളിലെ ആദ്യ ഇനമായ ’വിയനാടുൻസെ’യെ കുറിച്ച് രേഖപ്പെടുത്തിയത് 1863-ൽ ആയിരുന്നു. കറുത്തനിറമാണിവയ്ക്ക്. വയനാടുമുതൽ കർണാടക അഗുമ്പെവരെയുള്ള പ്രദേശത്ത് കാണുന്നു എന്നാണ് അന്ന് കണ്ടെത്തിയത്. പിന്നീട് 1870-ൽ മാനന്തവാടിയിൽ കറുത്ത ഇരട്ടവരയനായ ‘ബിലിനിയേറ്റം’ കണ്ടെത്തി. പുള്ളിക്കുത്തുള്ള ഇനമായ ’പംക്റ്റാറ്റം’ 1871-ൽ തമിഴ്‌നാട് ആനമല ഭാഗത്താണ് കണ്ടെത്തിയത്.

ഒടുവിൽ 144 വർഷങ്ങൾക്കുശേഷം 2016-ൽ ഗോവ-മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന്‌ നാലാമത്തെ ഇനത്തെ കണ്ടെത്തി. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. ഡേവിഡ് ഗവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടെത്തിയത്. ‘മെലാനോഫിഡിയം ഖായിർ’ എന്നാണ് പേരുനൽകിയത്.

‘മെലാനോഫിഡിയം ഖായിറിനോട് സമാനമാണ് ഇപ്പോൾ മൂന്നാറിൽ കണ്ടെത്തിയിരിക്കുന്ന പാമ്പ്. പക്ഷേ ഇത് പുതിയ ഇനമാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം, ഇതിനുമുൻപ് പെരിയാർ കടുവസങ്കേതത്തിൽനിന്ന്‌ പീരുമേട് കുട്ടിക്കാനം പ്രദേശത്തുനിന്ന്‌ ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഉരഗ ഗവേഷകൻ സന്ദീപ് ദാസ്‌ പറഞ്ഞു.