ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരും; വ്യാപാര സ്ഥാപനങ്ങൾ ദിവസവും തുറക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്താൻ സാധ്യത. കൊറോണ സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും. വ്യാപാര സ്ഥാപനങ്ങളടക്കം ദിവസവും തുറക്കുന്നതാണ് സർക്കാർ പരിഗണനയിൽ ഉള്ളത്.

പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ച് ഇന്ന് മുഖ്യമന്ത്രിക്കു കൈമാറിയേക്കും. നാളത്തെ അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ടിപിആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഏതാനും ദിവസം പൂർണ അടച്ചിടലും മറ്റു ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതും ആൾക്കൂട്ടം കൂടുന്നതിന് കാരണമാകുന്നതായി ആരോ​ഗ്യവിദ​ഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, അടച്ചിടൽ മൂലം ജനം ദുരിതത്തിലാണെന്നതും കണക്കിലെടുത്താണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി നിർദേശിച്ചത്.