കപ്പൽശാലയിൽ പിടിയിലായ അഫ്ഗാൻ പൗരൻ്റെ തീവ്രാവാദി ബന്ധം; അന്വേഷണം തുടങ്ങി

കൊച്ചി: കപ്പൽശാലയിൽ വ്യാജരേഖയുപയോഗിച്ച് ജോലി ചെയ്ത സംഭവത്തിൽ പിടിയിലായ അഫ്ഗാൻ പൗരൻ ഈദ്ഗുള്ളി (23) ൻ്റെ തീവ്രവാദി ബന്ധമടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടങ്ങി. കൊച്ചിൻ ഷിപ്പ് യാർഡിലും ഇയാൾ വാടകയ്ക്ക് താമസിച്ച തേവരയിലെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. തിങ്കളാഴ്ച ഉച്ചയോടെ ഈദ്ഗുളിനെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചെങ്കിലും, ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാൾ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തതോടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഈദ്ഗുളിനെ എറണാകുളം എസിപിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ഇയാൾ ഇന്ത്യയിൽ എത്തും മുന്നേ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിരുന്നോ, ജോലിക്ക് പ്രവേശിക്കാൻ വ്യാജ രേഖയുണ്ടാക്കിയതാരാണ്, ജോലി തരപ്പെടുത്തി നൽകിയത് ആരാണ് തുടങ്ങിയ ചോദ്യങ്ങൾക്കും പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

കേസിന്റെ പ്രധാന്യം പരിഗണിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈദ്ഗുളിനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കും. നിലവിൽ പോലീസിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏജൻസികൾ ശേഖരിച്ചിരുന്നു.