സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ; 5650 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം:കൊറോണ രണ്ടാം തരംഗത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് സാമ്പത്തിക പാക്കേജ്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

രണ്ട് ലക്ഷത്തില്‍ താഴെയുള്ള വായ്പ പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ ആറ് മാസത്തേക്ക് വഹിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്കാണ് പലിശയില്‍ ഇളവെന്ന് ധനമന്ത്രി പറഞ്ഞു. കൊറോണ ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന വായ്പ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടി. എല്ലാ കെഎസ്എഫ്ഇ വായ്പകളുടെയും പിഴപ്പലിശ സെപ്തംബര്‍ വരെ ഒഴിവാക്കുകയും ചെയ്തു.വായ്പകൾ പുനഃക്രമീകരിക്കും.

2000 കോടി രൂപയുടെ പലിശയിളവാണ് പ്രഖ്യാപിച്ചത്. ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേരള വായ്പ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. അഞ്ച് ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ. 500 പേര്‍ക്ക് ഒരു വര്‍ഷം വായ്പ നല്‍കും. 5 വര്‍ഷത്തില്‍ 2500 പേര്‍ക്ക് വായ്പ നല്‍കും. 50 വയസില്‍ താഴെയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കും.

ഉയര്‍ന്ന പലിശ ഉണ്ടായിരുന്ന മേഖലയില്‍ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി കെഎഫ്‌സി കുറച്ചിട്ടുണ്ട്. ഉയര്‍ന്ന പലിശ 12 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി കുറഞ്ഞു. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റില്‍ ഓണത്തിന് 1700 കോടി പെന്‍ഷന്‍ ഇനത്തില്‍ നല്‍കും. 526 കോടി രൂപയുടെ ഓണക്കിറ്റുമുണ്ട്. 5650 കോടിയോളം വരുന്ന സാമ്പത്തിക പദ്ധതിയാണ് പ്രഖ്യാപിച്ചത്. അതേസമയം സര്‍ക്കാര്‍ നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കി. വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് വരുത്തും. ഇന്നലത്തെ ബാങ്കുകളുമായുള്ള മീറ്റിംഗില്‍ മൊറട്ടോറിയം ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ പല പദ്ധതികളും ഫലത്തില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.