വിരമിച്ചിട്ട് 18 വർഷം; പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : അനധികൃത അവധിയെടുത്തെന്ന പേരിൽ 2007 ൽ സർവീസിൽ നിന്നും വിരമിച്ചയാളുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയില്ലെന്ന പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരന്റെ സേവന കാലയളവിൽ അദ്ദേഹത്തിൽ നിന്നും ഈടാക്കിയ പ്രോവിഡന്റ് ഫണ്ട്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് തുക എത്രയും വേഗം നൽകാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

കൃഷി അസിസ്റ്റന്റായി വിരമിച്ച ബത്തേരി താഴത്തൂർ സ്വദേശി കെ. സി. പത്രോസിന് ആനുകൂല്യങ്ങൾ നൽകാനാണ്, പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും കൊഴുതന കൃഷി ഓഫീസർക്കും കമ്മീഷൻ ഉത്തരവ് നൽകിയത്. 1997 ജനുവരി മുതൽ ഇടവിട്ടാണ് പരാതിക്കാരൻ അവധിയെടുത്തത്. 2007 നവംബർ 30 ന് വിരമിച്ചു. പെൻഷൻ ആനുകൂല്യങ്ങളോ താൻ അടച്ച തുകയോ മടക്കി തന്നിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

കാർഷിക വികസന ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1998 ഡിംസംബർ 24 ന് ശേഷം പരാതിക്കാരൻ ജോലിക്ക് ഹാജരായിട്ടില്ലെന്ന് ഡയറക്ടർ അറിയിച്ചു. പരാതിക്കാരന് സ്വയം വിരമിക്കലിന് ആവശ്യമായ സേവന കാലയളവില്ല. സ്ഥിരം നിയമനം ലഭിക്കുന്നതിന് മുമ്പ് പരാതിക്കാരൻ താത്ക്കാലികമായി ജോലി ചെയ്തിട്ടുണ്ട്.

താത്ക്കാലിക സേവനം കൂടി പെൻഷൻ ആനുകൂല്യങ്ങൾക്ക് കണക്കാക്കണമെന്ന അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ സേവനകാലത്ത് ശമ്പളത്തിൽ നിന്നും ഈടാക്കിയ തുക നൽകാൻ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സ്വീകരിച്ച നടപടികൾ രണ്ട്മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.