സ്‌കൂള്‍ തുറക്കൽ; രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം തേടി ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കൊറോണ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്നും അധ്യാപകരില്‍ നിന്നും ഡെല്‍ഹി സര്‍ക്കാര്‍ അഭിപ്രായം തേടി. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ ഡെല്‍ഹി സ്‌കൂള്‍ 21 അറ്റ്ജിമെയില്‍ ഡോട്ട്‌കോമില്‍ സമര്‍പ്പിക്കാമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

മാതാപിതാക്കളും അധ്യപകരും സ്‌കൂള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും അത് ഭയക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തേടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതായും അദ്ദേഹം പറഞ്ഞു.

ഡെല്‍ഹിയില്‍ ഇപ്പോള്‍ കൊറോണ നിയന്ത്രണവിധേയമാണെന്നും പ്രതിദിനം നാല്‍പ്പതിനും അറുപതിനുമിടയിലാണ് ഇപ്പോള്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. കൊറോണ രണ്ടാംതരംഗവും ഡല്‍ഹിയെ സാരമായി ബാധിച്ചിരുന്നു. നിരവധി പേരാണ് മരിച്ചത്.

കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ജനുവരിയില്‍ 9 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും കൊറോണ കേസുകള്‍ വര്‍ധിച്ചതോടെ അടയ്ക്കുകയും ചെയ്തു.