കള്ളനോട്ട് അച്ചടിക്കുന്ന അഞ്ചു കേന്ദ്രങ്ങൾ കൂടി; നിർമാണ സാമഗ്രികൾ വരുത്തിച്ചത് ഓൺലൈനിൽ; ഇൻറലിജൻസ് റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് കള്ളനോട്ട് അച്ചടിക്കുന്ന അഞ്ചു കേന്ദ്രങ്ങൾ കൂടിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. മധ്യകേരളത്തിലാണ് കള്ളനോട്ട് അടിക്കുന്നതെന്നും നിർമാണ സാമഗ്രികൾ ഓൺലൈനിൽ എത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പിറവം ഇലഞ്ഞിയിലെ കള്ളനോട്ട് വേട്ടയിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾക്ക് അയൽ സംസ്ഥാങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും. ഒരു വർഷത്തിനിടെ 15 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.

ഇത്രവിപുലമായ രീതിയിൽ കള്ളനോട്ടുകൾ അച്ചടിക്കുന്ന കേന്ദ്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെനാണു അന്വേഷണ ഏജൻസികൾ ഒരേ സ്വരത്തിൽ പറയുന്നത്. ഒറിജിനലിനൊപ്പം നിൽക്കുന്ന നോട്ടുകൾ പ്രിന്റ് ചെയ്യാൻ എല്ലാ സംവിധാനങ്ങളും ആഡംബര വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

അഞ്ചു പ്രിന്ററുകൾ, ഫോട്ടോസ്റ്റാറ്റ് മെഷിൻ, സ്ക്രീൻ പ്രിന്റിങ് മെഷിൻ, നോട്ടെണ്ണുന്ന മെഷിൻ, മഷി, പേപ്പറുകൾ, തുടങ്ങി വിപുലമായ സംവിധാനങ്ങൾ. ഏഴു പേരാണ് അറസ്റ്റിലായത്. ഇവർ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുള്ളവരാണ്. കള്ളനോട്ടുകൾ സംസ്ഥാനത്തിനു പുറത്തും വിതരണം ചെയ്തിട്ടുണ്ട് എന്നാണ് പ്രതികൾ മൊഴി നൽകിയത്.

അയൽ സംസ്ഥാനങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി പ്രതികൾക്ക് ബന്ധം ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്. പണം കൈപ്പറ്റിയവരിൽ ദേശ വിരുദ്ധ ശക്തികൾ ഉണ്ടോ എന്നും തീവ്രവാദ വിരുദ്ധ സേന പരിശോധിക്കുകയാണ് . ഈ സാഹചര്യത്തിലാണ് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. നാലു മാസമായി പ്രതികൾ വാടക വീട്ടിൽ താമസിച്ചിരുന്നതായും പൊലിസ് പറയുന്നു

രഹസ്യാന്വേഷണ ഏജൻസികൾക്കു രണ്ടാഴ്ച മുൻപു ലഭിച്ച വിവരം മധ്യകേരളത്തിലെ ആറിടങ്ങളി‍ൽ കള്ളനോട്ടു നിർമാണം നടക്കുന്നതായാണ്. കള്ളനോട്ട് അച്ചടിക്കാനുള്ള പ്രത്യേക നിറത്തിലുള്ള മഷിയും പശയും ഓൺലൈനിൽ കൊച്ചിയിലേക്കു വരുത്തിയെന്ന വിവരമാണു രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചത്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ കച്ചവടം നടക്കുന്ന ഡാർക്ക്‌നെറ്റിൽനിന്നാണു കേന്ദ്ര ഏജൻസികൾക്കു വിവരം ചോർന്നുകിട്ടിയത്.

എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡിനും (എടിഎസ്) വിവരം കൈമാറിയിരുന്നു. ഇതിനിടയിലാണു കൂത്താട്ടുകുളം ഇലഞ്ഞിയിലെ വാടകവീട്ടിൽ താമസിക്കുന്ന യുവാക്കളുടെ സംഘം സമീപത്തെ മാർക്കറ്റിൽനിന്നു ഭക്ഷ്യവസ്തുക്കൾ വാങ്ങിയ ശേഷം നൽകിയ 500 രൂപയിൽ വ്യാപാരികൾക്കു സംശയം തോന്നിയത്. സാധാരണ 500 രൂപ നോട്ട് കയ്യിൽപിടിക്കുമ്പോൾ തോന്നാത്ത കനം അതിന്റെ കടലാസിനു തോന്നിയതോടെ വ്യാപാരികളിൽ ചിലർ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ വഴി എടിഎസിനും വിവരം കൈമാറി.

കള്ളനോട്ട് കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം 500 രൂപ നോട്ടുകൾ പരിശോധിച്ചതോടെ ഇവ വ്യാജമാണെന്നും കണ്ടെത്തി. ചില കച്ചവടക്കാർ കടയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസർ നോട്ടിൽ സ്പ്രെ ചെയ്തപ്പോൾ 2 പാളിയായി കള്ളനോട്ടു പൊളിഞ്ഞു.

ഇന്ത്യ കറൻസി നോട്ടുകൾ അച്ചടിക്കുന്ന അതേ നിലവാരത്തിലുള്ള പേപ്പറിൽ അച്ചടിച്ചു വിദേശത്തുനിന്ന് ഇന്ത്യയിലേക്കു കടത്തുന്ന തരം കള്ളനോട്ടുകളല്ല ഇലഞ്ഞിയിലെ യുവാക്കൾ മാർക്കറ്റിൽ നൽകിയതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നിർമാണത്തിന്റെ പുതുമ, കണ്ടെത്തിയ കള്ളനോട്ടുകൾക്കു നഷ്ടപെട്ടിരുന്നില്ല. ഇതോടെ കള്ളനോട്ട് നിർമാണം നടക്കുന്നത് സമീപ പ്രദേശത്തു തന്നെയാണെന്നു ബോധ്യപ്പെട്ടു.

നോട്ടുമായി മാർക്കറ്റിലെത്തിയ യുവാക്കളെ നിരീക്ഷിച്ചതോടെ നിർമാണം നടക്കുന്ന വീട് പൊലീസ് കണ്ടെത്തി. ഇതിനിടയിൽ യുവാക്കളെ ചുറ്റിപ്പറ്റി കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇവർക്കു വിദേശബന്ധമുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അറസ്റ്റിലായ യുവാക്കളെ വിവിധ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ വിശദമായ വിവരങ്ങൾ പുറത്തുവരും.