കോഴി വേസ്റ്റിൽ നിന്ന് ജൈവ ഡീസൽ; വിലക്കുറവും ഗുണനിലവാരവും ഉറപ്പ്; ശ്രദ്ധേയ കണ്ടുപിടിത്തവുമായി പ്രൊഫ ജോൺ എബ്രഹാം

കോഴിക്കോട്: കോഴി വേസ്റ്റിൽ നിന്ന് ജൈവ ഡീസൽ. ഒപ്പം വിലക്കുറവും ഗുണനിലവാരവും ഉറപ്പ്. കേരള വെറ്റിനറി സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സർ ജോൺ എബ്രഹാമിൻ്റെ പരീക്ഷണം വിജയം കണ്ടതോടെ പുതിയ പ്രതീക്ഷ. ഗവേഷണത്തിൻ്റെ ഭാഗമായി അദ്ദേഹം കണ്ടു പിടിച്ച ജൈവ ഡീസലിലാണ് സർവ്വകലാശാലയുടെ പൂക്കോട് കാമ്പസിലെ ഒരു ജീപ്പ് കഴിഞ്ഞ മൂന്നു മാസമായി ഓടുന്നത്. ഡീസൽ മുഴുവൻ കോഴി വേസ്റ്റിൽ നിന്നാണ് ഉണ്ടാക്കുന്നത്.

ജോൺ എബ്രഹാമിൻ്റെ പിഎച്ച്ഡിയുടെ ഭാഗമായി ഏഴരക്കൊല്ലത്തെ ഗവേഷണത്തിൻ്റെ പരിണിത ഫലം. കോഴി വേസ്റ്റിൽ നിന്ന് ബയോ ഡീസൽ ഉത്പാദിപ്പിക്കുന്നതിനുള്ള പേറ്റൻറ് അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു. വെറ്റിനറി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ബയോ എനർജി ആൻ്റ് ഫാം വേസ്റ്റ് മാനേജ്മെൽറ്റിൽ ഇതിനായി പൈലറ്റ് പ്ളാൻറ് ഒരുക്കി.

ബിപിസിഎലിൻ്റെ കൊച്ചി റിഫൈനറിയിൽ ടെസ്റ്റ് നടത്തി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന സാക്ഷി പത്രം നേടി. കോഴി വേസ്റ്റിൽ നിന്നുള്ള ജൈവ ഡീസൽ ഒരു ലീറ്റർ ഉത്പാദിപ്പിക്കാൻ വരുന്ന ചെലവ് 35.68 രൂപ. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ജൈവ ഡീസലിന് സെറ്റയൻ വാല്യൂ (Cetane value) 72 ഉണ്ട്. സാധാരണ പെട്രോളിനും ഡീസലിനും ഇത് 54. ഉയർന്ന സെറ്റയൻ വാല്യൂ എഞ്ചിൻ കാര്യക്ഷമത ഉയർത്തും.

ഓക്സിജൻ സാന്നിദ്ധ്യം 11 ശതമാനം ഉള്ളതിനാൽ കോമ്പസിഷൻ പൂർണ്ണ തോതിൽ നടക്കും. ആയതിനാൽ പുറത്തേയ്ക്കുള്ള പുക തള്ളൽ പരമാവധി കുറയും. മലയാളിക്ക് തിന്നാനായി ഒരു ദിവസം ഇവിടെ ശരാശരി 5.3 ലക്ഷം കോഴികളുടെ തല അറുക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അതു വഴി പുറന്തള്ളുന്നത് 350 ടണ്ണോളം കോഴി വേസ്റ്റാണ്. ഇത് ആളൊഴിഞ്ഞ ഇടങ്ങളിലും നമ്മുടെ നദികളിലുമൊക്കെ ഇരുട്ടിൻ്റെ മറവിൽ കൊണ്ടു തട്ടി കയ്യൊഴിയുകയാണ് നമ്മൾ. കോഴി വേസ്റ്റ് ഉയർന്ന ഊഷ്മാവിൽ വേവിച്ച് അതിൽ നിന്ന് എണ്ണ എടുത്ത് ജൈവ ഡീസലാക്കാമെന്നാവുന്നതോടെ വലിയൊരു പാരിസ്ഥിതിക പ്രശ്നം തന്നെ പരിഹരിക്കാം.

കോഴി വേസ്റ്റിൻ്റെ 36 ശതമാനം പെറ്റ് ഫീഡാക്കി മാറ്റാനും കഴിയും. കോഴി വേസ്റ്റിൽ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന എണ്ണയുടെ 86% ജൈവ ഡീസലാക്കാം. ബാക്കി 14 % കൊണ്ട് ഗ്ളിസറിനും. സോപ്പും കോസ്മറ്റിക്കുകൾക്കും ഗ്ളിസറിൻ എന്ന അസംസ്കൃത വസ്തുവുമായി.

പുതിയ കണ്ടെത്തലുകൾക്കുള്ള അംഗീകാരമായി അടുത്തിടെ നീതി ആയോഗിൻ്റ അടൽ ഇന്ത്യ ചലഞ്ചിൽ പ്രൊഫസർക്ക് ബഹുമതിപത്രം ലഭിച്ചു. നല്ല ആശയം വിപുലമായ രീതിയിൽ പ്രാവർത്തികമാക്കുകയാണ് ഇനി വേണ്ടത്. വരും ദിവസങ്ങളിൽ പ്രൊഫ ജോൺ എബ്രഹാമിനെ തേടി അംഗീകാരങ്ങൾ വരുമെന്ന് ഉറപ്പ്.