കോലഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലില്‍ ഒളിപ്പിച്ച നിലയില്‍

കൊച്ചി : കോലഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് ആണ് സംഭവം. ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ജോലിക്കെത്തിയ വനിതാ തൊഴിലാളികള്‍ യൂണിറ്റിന് സമീപം രക്തക്കറ കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദീപന്‍ കുമാര്‍ ദാസ് എന്നയാള്‍ സ്ഥലത്തു നിന്നു മുങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ് ദീപന്‍ കുമാര്‍ ദാസ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.