ടോക്യോവില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ മീരാഭായ് ചാനുവിലൂടെ; ഭാരോദ്വഹനത്തില്‍ വെള്ളി

ടോക്യോ: മീരാഭായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം.ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേട്ടവുമായി ആണ് മീരാഭായ് ചാനു ടോക്യോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്.

നാല്‍പ്പത്തിയാറ് കിലോ വിഭാഗത്തിലാണ് ചാനുവിന്റെ ഈ മെഡല്‍ നേട്ടം. സ്നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചാനു എടുത്തുയര്‍ത്തിയത്.

അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതാണ് ചാനുവിന് സ്വര്‍ണം നഷ്ടമാക്കിയത്. എങ്കില്‍ കൂടി ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ആദ്യദിനം മെഡല്‍ എന്ന സ്വപ്‌നം ചാനുവിലൂടെ സാധ്യമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ള ഒരു മെഡല്‍ നേട്ടമായി മാറി സായ്‌കോം മീരാഭായ് ചാനുവിന്റേത്.

ഈ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കലം സ്വന്തമാക്കി.

ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് മീരാഭായ് ചാനുവിലൂടെ ഇന്ത്യ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്നത്. ഇതോടെ ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്ക വേണ്ടി മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായി മീരാഭായ് ചാനു. നേരത്തെ 2000 ല്‍ നടന്ന സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണ്ണം മല്ലേശ്വരി നേടിയ വെങ്കല മെഡല്‍ ആണ് ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ നേട്ടം.

49 കിലോ വിഭാഗത്തിലെ ലോക്യ ചാമ്പ്യനാണ് മണിപ്പൂരില്‍ നിന്നുള്ള ഈ ഇരുപത്തിയാറുകാരി.2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ നേടിയ സ്വര്‍ണ്ണം. സ്നാച്ചില്‍ 79 കിലോയും ക്ളീന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ഉയര്‍ത്തിയത്. ആകെ 169 കിലോഗ്രാം ഉയര്‍ത്തിയാണ് അന്ന് റെക്കോര്‍ഡ് നേടിയത്. വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ മീരബായ് ചാനു റിയോ ഒളിമ്പിക്സിലും ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നു.