കൊച്ചി: കപ്പൽശാലയിൽ വ്യാജ രേഖയുപയോഗിച്ച് ജോലി നേടിയ കേസിൽ റിമാൻഡിൽ കഴിയുന്ന അഫ്ഗാൻ പൗരനായ ഈദ്ഗുളി (അബ്ബാസ് ഖാൻ-23) നെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിച്ചു.
അട്ടിമറി സാധ്യതയോ മറ്റെന്തെങ്കിലും ഗൂഢാലോചനയോ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പ്രധാനം. വ്യാജ രേഖയുണ്ടാക്കാനായി സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കും. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്റെ നിർമാണം പുരോഗമിക്കുന്ന കൊച്ചി കപ്പൽശാലയിൽ നടന്ന സംഭവമായതിനാൽ പ്രതിയെ മറ്റ് അന്വേഷണ ഏജൻസികളും ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടിയിട്ടുണ്ട്.
ഐ.ബി.യും എൻ.ഐ.എ.യും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എറണാകുളം എ.സി.പി. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് പോലീസിന്റെ അന്വേഷണം. കരാർ തൊഴിലാളിയായാണ് അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത്.
ഈദ്ഗുൾ അഫ്ഗാൻ പൗരനാണെന്ന വിവരം ലഭിച്ച കപ്പൽശാലയിലെ ജീവനക്കാരാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിൽ മോഷണം നടന്ന് രണ്ട് വർഷം തികയും മുമ്പാണ് മറ്റൊരു അസ്വാഭാവിക കേസ് കൂടിയുണ്ടാകുന്നത്. 2019 സെപ്റ്റംബർ 17-നാണ് വിമാനവാഹിനി കപ്പലിൽനിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ മോഷണം പോയത്. കരാർ തൊഴിലാളികളായി എത്തിയ പെയിന്റിങ് തൊഴിലാളികളായ രണ്ട് പേരാണ് മോഷണം നടത്തിയത്. അന്നുതന്നെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വലിയ ആരോപണങ്ങളുണ്ടായിരുന്നു.
ഒമ്പത് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2020 ജൂൺ 10-ന് എൻ.ഐ.എ.യാണ് പ്രതികളെ പിടികൂടിയതും ഹാർഡ് ഡിസ്കുകൾ വീണ്ടെടുത്തതും. സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലുള്ള സ്ഥാപനമാണ് കപ്പൽശാല.