കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്; അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം നാളെ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമര്‍പ്പിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ കേസില്‍ സാക്ഷികളാണ്.

ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ് കുറ്റപത്രം. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവര്‍ പരാതി നല്‍കിയത്. ഈ മാസം 26 ന് പ്രതികളെ പിടികൂടിയിട്ട് തൊണ്ണൂറ് ദിവസം തികയുകയാണ്. അതിനാല്‍, അതിന് മുമ്പ് തന്നെ അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്.