കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ
ബാവയ്ക്ക് ലളിതമായ ജന്മദിനാഘോഷം. 93-ാമത് ജന്മദിനം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലളിത ചടങ്ങുകളോടെ പുത്തൻകുരിശ് പാത്രിയർക്ക സെന്ററിൽ ആഘോഷിച്ചത്.
ജന്മദിനത്തോടനുബന്ധിച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പുത്തൻകുരിശ് പാത്രിയർക്ക സെന്ററിലെ സെന്റ് അത്തനാസിയോസ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്ക ബാവ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സിറിയക് തോമസ്, മെത്രാപ്പോലീത്തമാരായ മാർ ഈവാനിയോസ് മാത്യൂസ്, മാർ അപ്രേം മാത്യൂസ്, മാർ അന്തിമോസ് മാത്യൂസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.