ലൂസി കളപ്പുര കോൺവെന്‍റിൽ നിന്നും മാറുന്നതാണ് നല്ലത്; കോൺവന്‍റിനുള്ളിൽ സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മഠത്തിനുള്ളിൽ പോലീസ് സംരക്ഷണം ഒരുക്കണമെന്ന ലൂസി കളപ്പുരയുടെ അപേക്ഷയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ലൂസി കളപ്പുരയ്‌ക്ക് കോൺവന്‍റിനുള്ളിൽ സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കോൺവെന്‍റിൽ നിന്നും മാറുന്നതാണ് നല്ലതെന്നും മാറുന്ന പക്ഷം എവിടേയും സംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

കോൺവെന്‍റിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ മറുപടി. കേസ് വിധി പറയാൻ മാറ്റിവെച്ചു. സ്വകാര്യ സ്ഥാപനമായ മഠത്തിൽ സംരക്ഷണം ഒരുക്കാൻ നിർദേശിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ജസ്റ്റിസ് രാജ വിജയരാഘവൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

എന്നാൽ തനിക്ക് കോൺവെന്റല്ലാതെ മറ്റൊരു താമസസ്ഥലമില്ലെന്ന് ലൂസി പറഞ്ഞു. കേസിൽ സിവിൽ കോടതിയെ സമീപിക്കാൻ സമയം തരണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ലൂസി തന്നെയായിരുന്നു തന്റെ ഭാഗം വാദിച്ചത്. തന്നെ പുറത്തേയ്‌ക്ക് വലിച്ചെറിയാനാണ് കോടതിയുടേയും തീരുമാനമെങ്കിൽ തന്റെ സന്ന്യാസം കൂടിയായിരിക്കും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയെന്ന് ലൂസി കളപ്പുര മാദ്ധ്യമങ്ങളോട് പറഞ്ഞു.