പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി : പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

140-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.

1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 1956-ൽ ‘വിവാഹ ദല്ലാൾ’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് അഞ്ചുരൂപ പ്രതിഫലത്തിൽ അമെച്ചർ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പ്രൊഫഷണൽ നാടകരംഗത്ത് 50 വർഷം നീണ്ട അഭിനയജീവിതം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ ആണ് ആദ്യ ചിത്രം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.