വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എകെ ശശീന്ദ്രന്‍; പറയനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞതായി മന്ത്രി

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടന്ന ആരോപണത്തിനിടെ മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടതായി പറഞ്ഞ ശശീന്ദ്രന്‍ എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ടോ എന്നുള്ളത് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും പറഞ്ഞു.

മുഖ്യമന്ത്രി വിളിപ്പിച്ചിട്ട് അല്ല താന്‍ പോയി കണ്ടതെന്നും നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചചെയ്തതായി മന്ത്രി പറഞ്ഞു. അതേസമയം രാജി വയ്‌ക്കേണ്ച സാഹചര്യമുണ്ടോയെന്ന് മാധ്യ പ$വര്‍ത്തകരുിടെ ചോദ്യത്തിന് ഇല്ലെന്നും ശശീന്ദ്രന്‍ മറുപടി നല്‍കി. വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇതിനോടകം വിവാദമായ വിഷയത്തില്‍ മന്ത്രിയെ അനുകൂലിച്ച് എന്‍സിപി അധ്യക്ഷന്‍ പിസി ചാക്കോ രംഗത്തെത്തി. വിവാദത്തില്‍ എന്‍സിപി പ്രതിരോധത്തിലല്ലെന്നാണ് പിസിചാക്കോ പറഞ്ഞത്. യുവതിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല. എന്നാല്‍ സംഭവത്തില്‍ മന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായിയെന്ന് എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു.

വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും പി സി ചാക്കോ പറഞ്ഞു.

മന്ത്രിയെ ന്യായീകരിക്കുന്ന വിധമാണ് പാര്‍ട്ടി പ്രതികരണമെങ്കിലും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ക്രമിനില്‍ കുറ്റമായതിനാല്‍ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ആരോപണം ഉണ്ട്. യുവതി നിലാപാടില്‍ ഉറച്ചു നിന്നാല്‍ വീണ്ടും ഫോണ്‍ വിളി കുരുക്കില്‍ അകപെട്ട മന്ത്രിക്ക് സ്ഥാനം നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം എന്‍സിപി നേതാവിനെതിരായ പീഡന പരാതിയില്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കുണ്ടറയിലെ പ്രദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയില്‍ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പത്മാകരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പത്മാകരന്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പരാതിപ്രകാരം പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവിനെതിരേയും കേസെടുത്തിടുണ്ട്.