കരുവന്നൂർ സഹകരണബാങ്കിൽ 22.85 കോടി തട്ടിയെടുത്ത പ്രാദേശിക ചാനൽ ഉടമ വിദേശത്തേക്ക് കടന്നു

തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിൽ ഏറ്റവും കൂടുതൽ തുകയുടെ തട്ടിപ്പ് നടത്തിയയാൾ വിദേശത്തേക്ക് കടന്നതായി വിവരം. ബാങ്കിലെ കമ്മിഷൻ ഏജന്റായിരുന്ന പെരിഞ്ഞനം സ്വദേശി കിരൺ (അരുൺ) ആണ് പോയത്. പെരിഞ്ഞനത്ത് പ്രാദേശിക ചാനൽ നടത്തിയിരുന്ന കിരൺ പാർട്ടിബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് ബാങ്കിന്റെ കമ്മിഷൻ ഏജന്റായത്.

ഒരുകോടിയുടെ വായ്പ തരപ്പെടുത്തിക്കൊടുക്കുന്നതിന് അഞ്ചുശതമാനമാണ് കമ്മിഷൻ. ബാങ്കിൽ സി ക്ലാസ് അംഗത്വമെടുത്ത കിരൺ പിന്നീട് തട്ടിപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. 46 ആളുകളുടെ പേരിൽ ബാങ്ക് നൽകിയ 22.85 കോടി കിരണിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് കണ്ടെത്തി. ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെയാണ് തട്ടിപ്പ് നടന്നത്.

ഒരാൾക്ക് ഒന്നിലേറെ സി ക്ലാസ് അംഗത്വം നൽകി തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടന്റായ സി.കെ. ജിൽസിന്‌ മൂന്ന് സി ക്ലാസ് അംഗത്വമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ റബ്കോ ഏജൻസിയുടെ കമ്മിഷൻ ഏജന്റായിരുന്ന ബിജോയിയുടെ അക്കൗണ്ടിലൂടെ 50 കോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.