പീഡന പരാതി ഒത്തുതീർപ്പാക്കൽ; മന്ത്രി ശശീന്ദ്രന്റെ രാജിയുണ്ടാകില്ല; ഇരയെ അപമാനിക്കുന്ന ഇടപെടല്‍ മന്ത്രി നടത്തിയിട്ടില്ലെന്ന് സിപിഎമ്മും

തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എകെ ശശീന്ദ്രന്റെ രാജിയുണ്ടായേക്കില്ല. മന്ത്രിയുടെ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന. കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചതോടെ അദ്ദേഹവും ഈ നിലപാടിലായെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.

ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎമ്മും വിലയിരുത്തുന്നത്. മന്ത്രി എന്ന തരത്തിൽ ഇടപെടൽ നടത്തുമ്പോൾ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്.

താൻ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി ശ്രദ്ധാപൂർവം കേട്ടുവെന്നാണ് ശശീന്ദ്രൻ നേരത്തെ പ്രതികരിച്ചത്. പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന വിവാദം എൻസിപിയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളുടെ കൂടി ഭാഗമാണെന്ന് ശശീന്ദ്രൻ വിശദീകരിച്ചുവെന്നും സൂചനയുണ്ട്. പാർട്ടിയിൽ അധികാരവും മന്ത്രിസ്ഥാനവും സംബന്ധിച്ച തർക്കങ്ങളും തിരഞ്ഞെടുപ്പിന് മുൻപ് സജീവമായിരുന്നു.