തന്ത്രപ്രധാനമായ കൊച്ചിൻ ഷിപ്പ് യാർഡിൽ നുഴഞ്ഞുകയറിയ അഫ്ഗാൻകാരൻ പിടിയിൽ ; അന്വേഷണത്തിന് വഴിതെളിച്ചത് അജ്ഞാത ഡ്രോൺ പറന്നെന്ന അഭ്യൂഹം

കൊച്ചി: തന്ത്രപ്രധാനമായ കൊച്ചിൻ ഷിപ്പ് യാർഡിൽ അഫ്ഗാനിസ്ഥാൻകാരൻ്റെ നുഴഞ്ഞുകയറ്റം. അഫ്ഗാനിസ്ഥാൻ സ്വദേശി ഇദ് ഗുൾ എന്ന അബ്ബാസ് ഖാൻ ആണ് പിടിയിലായത്. അഫ്ഗാൻ പൗരനായ ഇയാൾ നേപ്പാൾ വഴി ഇന്ത്യയിലെത്തി വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണ് ഇയാൾ കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്ക് കയറിയത്.

അസമിൽ താമസിച്ച ശേഷം സ്കൂൾ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വ്യാജമായി നിർമിച്ചാണ് ഇയാൾ കൊച്ചിയിലെത്തിയത്. ഇയാളുടെ ബന്ധുക്കളും കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.

കൊച്ചിയിലെ തന്ത്രപ്രധാനമായ മേഖലകളിൽ അജ്ഞാത ഡ്രോൺ പറന്നതായി സുരക്ഷ സേനക്ക് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് അഫ്ഗാൻ പൗരനായ ഈദ് ഗുളിനെ പറ്റി വിവരം ലഭിച്ചത്. സിഐഎസ്എഫ് പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

വില്ലിങ്ടൺ ഐലൻഡ് പരിസരത്തിലൂടെ ജൂൺ മാസത്തിലാണ് പുലർച്ചെ നാലുമണിയോടെ ഡ്രോൺ പറന്നത്. വില്ലിങ്ടൺ ഐലൻഡിൽനിന്ന് ഗോശ്രീ പാലത്തിന് സമീപത്തേക്കാണ് പറന്നതെന്നാണ് വിവരം ലഭിച്ചത്.

ഇത്‌ സിഐഎസ്എഫ് ജീവനക്കാരുടെ ശ്രദ്ധയിലാണ്‌ പെട്ടത്. നാവികസേന, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. പറന്നത് ഡ്രോൺ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ലെന്നാണ് നാവികസേന ഇപ്പോഴും പറയുന്നത്. ആ സമയത്ത് ഒരു വിമാനവും കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. സിഐഎസ്എഫും പോലീസും അന്വേഷിക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചിരുന്നു.

അഭ്യൂഹത്തെ തുടർന്ന് കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാവിക ആസ്ഥാനത്തിന് പുറമേ കളമശ്ശേരിയിലെ ആയുധ ഡിപ്പോയുടേയും, ഫോർട്ട് കൊച്ചിയിലെ പരിശീലന കേന്ദ്രത്തിന്റെയും പരിസരങ്ങളിൽ ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡ്രോണുകളോ വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുവിമാനങ്ങളോ പറപ്പിക്കരുതെന്നാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ച് പറപ്പിക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുകയോ, നശിപ്പിക്കുകയോ ചെയ്യുമെന്നും നാവിക സേന അറിയിച്ചിട്ടുണ്ട്.