ബക്രീദിന് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി; സർക്കാരിന് രൂക്ഷ വിമര്‍ശനം

ന്യൂഡെല്‍ഹി: ബക്രീദിനായി ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിക്കാനുണ്ടായ കാരണങ്ങള്‍ എല്ലാം തന്നെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ വൈകിയ വേളയിലായതിനാല്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ടിപിആര്‍ 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്ന് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട മേഖലകളില്‍ ഒരു ദിവസം ഇളവ് നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ തീരുമാനം മൂലം രോഗവ്യാപനം കൂടിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഈ നയങ്ങളുടെ ഫലമായി, അനിയന്ത്രിതമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കുകയാണെങ്കില്‍, പൊതുജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്നും വിഷയത്തില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നുമാണ് കോടതി പറഞ്ഞത്.

മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.

മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി മലയാളി പികെ ഡി നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്നലെ മറുടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേരളത്തോട് അത് സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് വരുത്തുകയും കൊറോണ വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും കടകള്‍ തുറക്കാനുള്ള അനുമതിയുമാണ് സര്‍ക്കാര്‍ നല്‍കിയത്.