മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള (76)അന്തരിച്ചു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊറോണ ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നൽകും.

ഇകെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു കെ ശങ്കരനാരായണ പിള്ള. കെഎസ്‌യു , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായി ചുമതല വഹിച്ചരുന്ന അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഇടക്കാലത്ത് കോൺഗ്രസിൽ നിന്ന് മാറി, കോൺഗ്രസ് എസിൽ ചേർന്നു. കോൺഗ്രസ് എസിന്റെ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റായി പ്രവർത്തിച്ചു. 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി സേവനം അനുഷ്ടിച്ചു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായി.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോൺഗ്രസിൽ നിന്ന് മാറി ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചു. കുറെ നാളായി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല.