തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരും. തൽക്കാലം കൂടുതല്‍ ഇളവുകള്‍ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്.

ബക്രീദിനോട് അനുബന്ധിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന് നില്‍ക്കുന്നതും കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നുവയ്ക്കാന്‍ കാരണമായി.

വാരാന്ത്യ ലോക്ഡൗണും തുടരും. വാരാന്ത്യ ലോക്ഡൗണ്‍ ഫലപ്രദമല്ലെന്ന വിലയിരുത്തലില്‍ ഇത് ഒഴിവാക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതിലും മാറ്റം വരുത്തിയില്ല. ടിപിആര്‍ നിരക്ക് അനുസരിച്ചുള്ള തദ്ദേശസ്ഥാനപനങ്ങളിലെ നിയന്ത്രണ രീതിയും തുടരും. നാല് സ്ലാബുകള്‍ അടിസ്ഥാന പ്പെടുത്തിയായിരിക്കും ഇത്. ഏതെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ഏത് സ്ലാബില്‍ വരുമെന്നുള്ളത് നാളെ പ്രഖ്യാപിക്കും.

ഇന്ന് 11.91 ആണ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 11.08 ശതമാനമായിരുന്നു. ടിപിആര്‍. ജൂണ്‍ 29 ന് ശേഷം ഇതാദ്യമായാണ് തുടർച്ചയായി ടിപിആര്‍ 11 ന് മുകളിലെത്തുന്നത്. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും.

ടിപിആര്‍ 15 ന് മുകളിലുള്ള, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല. ടിപിആര്‍ 15 ന് താഴെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളിലാണ് ഇന്ന് ഇളവുള്ളത്. അവശ്യ സാധന കടകള്‍ക്ക് പുറമേ, തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്‌സ് കട, സ്വര്‍ണക്കട തുടങ്ങിയവ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.