കൊച്ചി: സ്ക്രാച്ച് ചെയ്യാനുള്ള കാർഡ് തപാലിൽ എത്തും. ചുരണ്ടി നോക്കേണ്ട താമസം നിങ്ങൾ വില കൂടിയ കാറിന്റെ ഉടമയാകും!. പക്ഷേ, ഒരു കണ്ടിഷൻ. കാർ കിട്ടണമെങ്കിൽ അതിന്റെ വിലയുടെ ഒരു ശതമാനം മുൻകൂട്ടി അതിൽ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കണം.
സംശയിക്കേണ്ട ഓൺലൈൻ തട്ടിപ്പ് തന്നെ. പക്ഷേ, ഒന്നു കൂടി വിശ്വാസം ഉറപ്പിക്കാൻ സമ്മാന തുക രേഖപ്പെടുത്തിയ ചെക്കിന്റെ ചിത്രം വാട്സാപ്പിൽ അയയ്ക്കും. ഫോട്ടോ പതിച്ച കമ്പനിയുടെ തിരിച്ചറിയൽ കാർഡും കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്തും പിന്നാലെയെത്തും. രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിനു ശ്രമം.
അടൂർ സ്വദേശിയായ പുരുഷോത്തമനെയാണ് കഴിഞ്ഞ ദിവസം തപാലിൽ ‘ഭാഗ്യം’ തേടി വന്നത്!. സംഘം പണം ആവശ്യപ്പെട്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് ബോധ്യമായെങ്കിലും സംഘം ഏതറ്റം വരെ പോകുമെന്ന് കണ്ടെത്താനായി പിന്നീടുള്ള ശ്രമം. ഇദ്ദേഹം രണ്ടുവർഷം മുൻപ് ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയിരുന്നു. ഈ വിലാസത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരു കവർ എത്തിയത്. തുറന്ന് നോക്കിയപ്പോൾ സ്ക്രാച്ച് ചെയ്യാനുള്ള ഒരു കാർഡായിരുന്നു.
ഓൺലൈൻ കമ്പനിയുടെ 12-ാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടിയാണെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. ചുരണ്ടി നോക്കിയപ്പോൾ ഒന്നാം സമ്മാനമായ കാർ അടിച്ചതായി കാണുകയും ചെയ്തു. സമ്മാനം ഉണ്ടെങ്കിൽ വാട്സാപ്പിൽ അറിയിക്കാൻ ഒരു ഫോൺനമ്പറും ആ കാർഡിൽ രേഖപ്പെടുത്തിയിരുന്നു.
അതിൽ ബന്ധപ്പെട്ടപ്പോൾ 14.8 ലക്ഷം രൂപയുടെ കാർ അടിച്ചതായി മറുപടി ലഭിച്ചു. പിന്നീട് ഫോണിൽ ഒരാൾ ബന്ധപ്പെട്ട് കാറിന്റെ വിലയുടെ ഒരു ശതമാനം കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. കന്നടയിലായിരുന്നു സംസാരം. വീഡിയോ കോളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുത്തില്ല. മുംബൈയിലെ ഓഫിസ് അഡ്രസ്സാണ് തിരിച്ചറിയൽ രേഖയിലുണ്ടായിരുന്നത്.
പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയില്ലെന്നും നേരിട്ട് മുംബൈയിൽ വരാമെന്നും പറഞ്ഞപ്പോൾ കൊറോണ കാരണം വേണ്ടെന്നായിരുന്നു മറുപടി. പണം അക്കൗണ്ടിൽ ഇട്ടാൽ ആ സമയം 14.8 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും പറഞ്ഞു. മുംബൈയിലുള്ള സുഹൃത്ത് നേരിട്ട് കമ്പനിയുടെ ഓഫിസിൽ എത്തി നൽകുമെന്നു പുരുഷോത്തമൻ പറഞ്ഞപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി. ഇതോടെ തട്ടിപ്പുകാർ വിടവാങ്ങി.