ബക്രീദിന് കേരളത്തിൽ ലോക്ക്ഡൗൺ ഇളവ്; ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിൽ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നാളെ ആദ്യത്തെ ഹര്‍ജിയായി ഇത് പരിഗണിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡെല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് പരിഗണിച്ചത്. ലോക്ക്ഡൗണ്‍ ഇളവ് ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു. മൂന്ന് ദിവസത്തേയ്ക്കാണ് ഇളവ്. അതിനാല്‍ കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഏതാനും കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഇളവ് നല്‍കിയത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

നാളെ ആദ്യത്തെ കേസായി പരിഗണിക്കുമെന്ന് പറഞ്ഞ് കോടതി ഹര്‍ജി മാറ്റി. രാജ്യത്ത് ഏറ്റവുമധികം കൊറോണ രോഗികള്‍ ചികിത്സയിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊറോണ സാഹചര്യത്തില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ പന്താടുകയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു.

കൊറോണ സാഹചര്യത്തില്‍ കാന്‍വാര്‍ യാത്ര നടത്തുന്നതിനെതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ഇതില്‍ കക്ഷി ചേരാനാണ് പി കെ ഡി നമ്പ്യാര്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കുന്ന വേളയില്‍ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് നിരീക്ഷിച്ചിരുന്നു.