നാദാപുരം: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഡിവൈഎഫ്ഐ നാദാപുരം മേഖല മുന്‍ പ്രസിഡന്റ് സികെ. നിജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. നിലവില്‍ നരിക്കാട്ടേരി ബ്രാഞ്ച് അംഗമാണ്.
കൊയിലാണ്ടി അരിക്കുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണ സംഘം പങ്കുണ്ടെന്ന് കണ്ടെത്തിയ നാദാപുരം സ്വദേശി അഖിലേഷിൻ്റെ സംഘത്തില്‍ നിജേഷും പങ്കാളിയാണെന്ന സ്വര്‍ണ വ്യാപാരി രാജേന്ദ്രൻ്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.
നാദാപുരത്തെ സ്വര്‍ണ വ്യാപാരി രാജേന്ദ്രനില്‍നിന്ന് സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് 46 ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്താതെ പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നും രാജേന്ദ്രന് ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് രണ്ടു ദിവസം മുമ്പ് ക്വട്ടേഷന്‍ സംഘത്തിനെതിരെ രാജേന്ദ്രന് വീണ്ടും പരാതിയുമായി രംഗത്തെത്തിയത്. പണം നല്കിയാല് സ്വര്‍ണം നല്‍കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വ്യാപാരിയെ കൂട്ടിക്കൊണ്ടുപോയ സംഘം ഇന്നോവ കാറില്‍ കയറ്റി കഴുത്തിന് കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു.