കേരളത്തിൽ ബക്രീദിന് ലോക്ഡൗണില്‍ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് ബക്രീദുമായി ബന്ധപ്പെട്ട് ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും.

കന്‍വര്‍ യാത്രയ്‌ക്കെതിരെ സുപ്രീം കോടതി സ്വമേധ എടുത്ത കേസില്‍ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ചത്. ഇത് ചോദ്യം ചെയ്യുള്ള ഹര്‍ജിയില്‍ ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണമാണുള്ളത്.

മഹാരാഷ്ട്രയിലെയും കേരളത്തിലെയും കൊറോണ കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആശങ്ക അറിയിച്ചിരുന്നു. കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന വേളയില്‍ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് നിരീക്ഷിച്ചിരുന്നു. ഈ ബഞ്ചാണ് ബക്രീദിന് ഇളവ് നല്‍കിയതിനെതിരായുള്ള ഹര്‍ജി പരിഗണിക്കുക.

സീനിയർ അഭിഭാഷകൻ വികാസ് സിങ് ആണ് നമ്പ്യാർക്ക് വേണ്ടി ഹാജരാകുന്നത്. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ വച്ച് സർക്കാർ കളിക്കുകയാണെന്ന് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.