തിരുവനന്തപുരം: ജനകീയ അധികാരത്തിൻ്റെ രാഷ്ട്രീയ ദാർശനികനായിരുന്ന മഹാത്മഗാന്ധിയെ കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ഇന്ത്യയിലെ മുഖ്യധാരാ രാഷ്ടീയത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കയാണെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനായ പ്രഫ.ബി.രാജീവൻ. കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു എന്ന പൊതു ശീർഷകത്തിൽ ഗാന്ധിയൻ കളക്ടീവ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരമ്പരമ്പരയുടെ ഭാഗമായി കർഷക സമരം ഒരു ഗാന്ധിയൻ വായന എന്ന വിഷയത്തിൽ മലയാളത്തിലെ ആദ്യ പരിപാടിയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് പക്ഷത്തേയ്ക്ക് ചാഞ്ഞു പോയിരിക്കുന്നു ഇന്നത്തെ ഇന്ത്യയിലെ പാർലമെൻ്ററി സംവിധാനം. ഇതിനെ ജനകീയ പക്ഷത്തുറച്ചു നിൽക്കുന്ന പൂർണ്ണ സ്വരാജ് എന്ന ഗാന്ധിയൻ ദർശനത്തിലേക്ക് ദിശാബോധം നൽകി പരിവർത്തനപ്പെടുത്തണം. അതിന് ഗാന്ധിയൻ മാതൃകയിലുള്ള കർഷകസമരത്തെ കൂടുതൽ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് പ്രഫ രാജീവൻ കൂട്ടിച്ചേർത്തു.
കെജി ജഗദീശൻ അദ്ധ്യക്ഷത വഹിച്ചു. വെബിനാർ പഠന പരമ്പര അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. പി.ടി.ജോൺ, അഡ്വ.ജോൺ ജോസഫ്, വിജയരാഘവൻ ചേലിയ, ബി.സതീഷ് കുമാർ, കെ.ജെ.അബ്രഹാം, ടി.എം.വർഗീസ്, എസ്. മണി ശങ്കർ , ഡോ.ബാബു ജോസഫ് , അഡ്വ. ജോർജുകുട്ടി കടപ്ളാക്കൽ എന്നിവർ പ്രസംഗിച്ചു.