ചാലക്കുടി: പാലിയേക്കര ടോൾപ്ലാസ ജീവനക്കാരനെ കുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. അങ്കമാലി മൂക്കന്നുർ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടിൽ മിഥുൻ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കൽ വീട്ടിൽ ജഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കൽ സ്വദേശി കളപറമ്പിൽ വീട്ടിൽ എബിൻ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടിൽ കൃഷ്ണ പ്രസാദ് (21) എന്നിവരാണ് പിടിയിലായത്.
ടോൾ പ്ലാസയിൽ അക്രമണത്തിനു ശേഷം ഒളിവിൽ പോയ ഇവർ മുംബൈയിലേക്ക് കടക്കാൻ തയാറാകുന്നതിനിടെയാണ് പിടിയിലായത്. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. മീൻ ശേഖരിക്കാൻ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോൾ നൽകേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുൻ വാക്കേറ്റത്തിലേർപെട്ടിരുന്നു.
സംഭവത്തിന് ശേഷം അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാൾ കത്തിയും മറ്റും കൈയിൽ കരുതി ബന്ധുവായ ജഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപ്പെട്ട ഇവർ കാർ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടികൂടുമെന്നറിവു കിട്ടിയതിനാൽ മൊബൈൽ ഫോണുകൾ വീട്ടിൽ വെച്ച ശേഷമാണ് ഇവർ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്.
പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒമാരായ ഷീബ അശോകൻ, ജിജോ, വിനോദ് കുമാർ, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.