തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. വ്യാപാരികളുടെ സമ്മര്‍ദത്തിന് വഴങ്ങി കുറച്ച് ഇളവുകൾ പ്രഖ്യാപിച്ചു.
എ, ബി, സി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍. ഡി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ അനുവദിച്ചത്.
ഈ ദിവസങ്ങളിൽ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും.
രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. അതേസമയം സംസ്ഥാനത്ത് ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി.
ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം ഇടപാടുകാർക്ക് പ്രവേശനം നൽകും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകൾ തുറക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊറോണ ടിപിആർ 15 ശതമാനത്തിനു മുകളിൽ ഉള്ള ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളിൽ ഇളവുകൾ ബാധകമല്ല.
കടകളുടെ പ്രവര്‍ത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു.
പൊലീസ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം വെള്ളപ്പൊക്കവും കൊറോണയും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.